ജനനനിരക്ക് വര്‍ധിപ്പിക്കണം; കോണ്ടത്തിന് നികുതി ഏര്‍പ്പെടുത്തി ചൈന

കുട്ടികളെ വളര്‍ത്താനുളള ഭീമമായ ചിലവ് പേടിച്ചാണ് ആരും പ്രസവിക്കാത്തതെന്നും അല്ലാതെ കോണ്ടത്തിന്റെ വില പേടിച്ചല്ലെന്നുമാണ് യുവാക്കളുടെ പ്രതികരണം

ജനനനിരക്ക് വര്‍ധിപ്പിക്കണം; കോണ്ടത്തിന് നികുതി ഏര്‍പ്പെടുത്തി ചൈന
dot image

ബീജിംഗ്: കോണ്ടത്തി(ഗര്‍ഭനിരോധന ഉറ)നും ഗര്‍ഭനിരോധന മരുന്നുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി ചൈന. ജനുവരി ഒന്ന് മുതല്‍ ഗര്‍ഭനിരോധന മരുന്നുകള്‍ക്കും കോണ്ടത്തിനും 13 ശതമാനം നികുതി നല്‍കണം. ജനന നിരക്ക് കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാനുളള ചൈനീസ് സര്‍ക്കാരിന്റെ പരോക്ഷ സമ്മര്‍ദമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. ചൈല്‍ഡ് കെയര്‍ സേവനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കും. 1993 മുതല്‍ ഒറ്റക്കുട്ടി നിയമം കര്‍ശനമായി നടപ്പാക്കിയിരുന്ന ചൈനയില്‍ അക്കാലത്ത് ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്ന് ജനന നിരക്ക് വര്‍ധിക്കുന്നത് തടയാനായിരുന്നു നീക്കമെങ്കില്‍ ഇന്ന് ജനന നിരക്ക് വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം.

2024-ല്‍ ചൈനയില്‍ 95.4 ലക്ഷം കുട്ടികള്‍ മാത്രമാണ് ജനിച്ചത്. ഈ കണക്ക് പത്തുവര്‍ഷം മുന്‍പ് ചൈനയിലുണ്ടായിരുന്ന ജനന നിരക്കിന്റെ പകുതി മാത്രമാണ്. കുട്ടികളെ വളര്‍ത്താനും പ്രായമായവരെ പരിചരിക്കാനുമുളള സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയും ഗര്‍ഭനിരോധനത്തിനുളള മാര്‍ഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ കുട്ടികളുണ്ടാകാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ചൈനയുടെ തീരുമാനം പരിഹാസത്തിന് കാരണമായിട്ടുണ്ട്. കുട്ടികളെ വളര്‍ത്താനുളള ഭീമമായ ചിലവ് പേടിച്ചാണ് ആരും പ്രസവിക്കാത്തതെന്നും അല്ലാതെ കോണ്ടത്തിന്റെ വില പേടിച്ചല്ലെന്നുമാണ് യുവാക്കളുടെ പ്രതികരണം.

Content Highlights: China imposes tax on condoms to increase birth rate

dot image
To advertise here,contact us
dot image