

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനമാണ് ഓ ബൈ ഓസി. നാല് വർഷം മുന്നേ ഒരു ചെറിയ മുറിയിൽ തുടങ്ങിയ സംരംഭം ഇപ്പോൾ വളർന്ന് ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് തന്റെ സന്തോഷം പങ്കിടുകയാണ് ദിയ കൃഷ്ണ. 2022 ലാണ് ദിയ തന്റെ ബിസിനസ് ആരംഭിക്കുന്നത്. നിന്ന് തിരിയാൻ സ്ഥാനം ഇല്ലാത്ത ചെറിയ മുറിയിൽ നിന്ന് തുടങ്ങിയ യാത്രയിലെ ഓരോ ചുവടും ദിയ വിഡിയോയിൽ പറയുന്നു.
തനിക്ക് ലഭിച്ച ആദ്യത്തെ ഓഡറുകളും, എക്സിബിഷനിലൂടെ തന്റെ പ്രൊഡക്ടുകൾ ആളുകളിലേക്ക് എത്തിച്ചതിന്റെ ഓർമയും ദിയ പങ്കുവെച്ചു. ആദ്യ കാലത്ത് തന്റെ സുഹൃത്തുക്കൾ സഹായത്തിന് എത്തിയതായും ദിയ പറയുന്നു. ഒരാളിൽ തുടങ്ങിയ ദിയയുടെ സ്വപ്നത്തിനൊപ്പം കുടുംബവും ചേർന്നിരുന്നു. ഇപ്പോൾ 30 ഓളം ജീവക്കാരുള്ള ഒരു വലിയ ബ്രാൻഡ് ആയതിന്റെ സന്തോഷമാണ് ദിയ പങ്കിടുന്നത്.
പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തന്നെ ഇരിക്കുന്ന അവസരത്തില്‍, അച്ഛന്റെയും അമ്മയുടെയും വഴക്ക് കേള്‍ക്കാതിരിക്കാന്‍ വീട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും മാറി നില്‍ക്കണമായിരുന്നു. അതിന് വേണ്ടി തുടങ്ങിയതാണ് ദിയ കൃഷ്ണ ഈ ബിസിനസ് എന്ന് മുൻപൊരിക്കൽ ദിയ തന്നെ പറഞ്ഞിരുന്നു. സമീപകാലത്ത്, ദിയ കൃഷ്ണയുടെ ജ്വല്ലറി ബ്രാൻഡായ ഓ ബൈ ഓസിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക തട്ടിപ്പ് കേസും വലിയ രീതിയിൽ വാർത്തയായിരുന്നു. ക്യു ആർ കോഡിൽ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികൾ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്. ദിയ സ്ഥാപനത്തില്‍ സ്ഥാപിച്ച ക്യൂ ആര് കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അന്ന് ദിയയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. 66 ലക്ഷം രൂപയായിരുന്നു സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്തത്. തട്ടിയെടുത്ത പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. അതേസമയം ജീവനക്കാരികളുടെ എതിര്‍പരാതിയില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ഇവര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിയും പരാതി നല്‍കിയത്. തുടര്‍ന്ന് കൃഷ്ണകുമാര്‍, ദിയ, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കവടിയാറിലെ ദിയയുടെ 'ഓ ബൈ ഓസി' എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്ഫോമിലെ സ്ഥാപനത്തിലാണ് ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ പണം തട്ടിയത്.
Content Highlights: Diya Krishna shares the growth of 'Oh by Ozy'