ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലെത്തി, തിരിച്ചുവരവ് 17 വർഷങ്ങൾക്ക് ശേഷം; അതീവസുരക്ഷയിൽ രാജ്യം

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബിഎന്‍പി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലായിരിക്കും നേരിടുക

ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലെത്തി, തിരിച്ചുവരവ് 17 വർഷങ്ങൾക്ക് ശേഷം; അതീവസുരക്ഷയിൽ രാജ്യം
dot image

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകന്‍ താരിഖ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ബംഗ്ലാദേശില്‍. പതിനേഴ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് താരിഖ് സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. അസുഖബാധിതയായിരിക്കുന്ന മാതാവ് ഖാലിദ സിയയെയും കുടുംബാംഗങ്ങളെയും താരിഖ് സന്ദർശിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഭാര്യ സുബൈദ റഹ്‌മാനനും മകള്‍ സൈമയ്ക്കുമൊപ്പമുളള താരിഖിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരിഖ് റഹ്‌മാനെ സ്വീകരിക്കാനായി ധാക്കയില്‍ അഞ്ച് ദശലക്ഷത്തിലധികം പ്രവര്‍ത്തകരെയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സജ്ജരാക്കിയത്.

താരിഖ് റഹ്‌മാന്റെ തിരിച്ചുവരവ് പ്രമാണിച്ച് അതീവസുരക്ഷയാണ് ബംഗ്ലാദേശില്‍ ഒരുക്കിയിരിക്കുന്നത്. താരിഖും കുടുംബവും വന്നിറങ്ങിയ ഹസ്രത് ഷാ ജലാല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചിരുന്നതായി ധാക്ക മെട്രോപോലിറ്റന്‍ ഡിടക്ടീവ് ബ്രാഞ്ച് മേധാവി നസറുല്‍ ഇസ്‌ലാം അറിയിച്ചു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബിഎന്‍പി താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലായിരിക്കും നേരിടുക. അദ്ദേഹം ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം ബിഎന്‍പിയ്ക്ക് അനുകൂലമായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖിന്റെ തിരിച്ചുവരവ്.

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് 18 മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് താരിഖ് റഹ്‌മാന്‍. 2008-ല്‍ ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. ഖാലിദ സിയയെ ഭരണകൂടം ജയിലിലടച്ചപ്പോള്‍ ലണ്ടനിലിരുന്ന് താരിഖ് ബിഎന്‍പിയെ നയിച്ചിരുന്നു. ഖാലിദ സിയയുടെ ആരോഗ്യാവസ്ഥ ഗുരുതരമായതോടെ അദ്ദേഹം തിരിച്ചുവരുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ബംഗ്ലാദേശിലേക്കുളള മടങ്ങിവരവ് നീളുകയായിരുന്നു.

Content Highlights: Khaleda Zia's son Tariq Rahman arrives in Bangladesh, returns after 17 years

dot image
To advertise here,contact us
dot image