ആണവോർജ്ജ അന്തർവാഹിനിയുടെ നിർമ്മാണ പുരോഗതി പരിശോധിച്ച് കിം ജോങ് ഉൻ; ദക്ഷിണ കൊറിയയ്ക്ക് വിമർശനം

ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകളുടെ പരീക്ഷണ വിക്ഷേപണത്തിന് കിം ജോങ് ഉൻ മേൽനോട്ടം വഹിച്ചതായി ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

ആണവോർജ്ജ അന്തർവാഹിനിയുടെ നിർമ്മാണ പുരോഗതി പരിശോധിച്ച് കിം ജോങ് ഉൻ; ദക്ഷിണ കൊറിയയ്ക്ക് വിമർശനം
dot image

പ്രോങ് യാങ്: ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ച് പരമോന്നത നേതാവ് കിം ജോങ്ങ് ഉൻ. ഉത്തര കൊറിയയുടെ കിഴക്കൻ തീരത്തിനടുത്തുള്ള വിക്ഷേപണ സ്ഥലത്ത് നടന്ന ദീർഘദൂര ഉപരിതല-വ്യോമ മിസൈലുകളുടെ പരീക്ഷണത്തിന് കിം ജോങ് ഉൻ മേൽനോട്ടം വഹിച്ചതായി ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെസിഎൻഎയാണ് റിപ്പോർട്ട് ചെയ്തത്.

ആണവായുധ ശേഷിയുള്ള രാജ്യത്തിൻ്റെ നൂതന ശേഷികളുള്ള മിസൈൽ വികസിപ്പിക്കുന്നതിനായുള്ള തന്ത്രപരമായ സാങ്കേതിക വിദ്യ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം എന്നാണ് കെസിഎൻഎയുടെ റിപ്പോർട്ട്. പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ച മിസൈലുകൾ 200 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ നശിപ്പച്ചതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കരയിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള 8,700 ടൺ ഭാരമുള്ള ആണവോർജ്ജ അന്തർവാഹിനിയുടെ നിർമ്മാണ പ്രവർത്തനങ്ങളും കിം നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്. എവിടെ എപ്പോഴാണ് കിം ഈ സന്ദർശനം നടത്തിയതെന്ന് പക്ഷെ കെസിഎൻഎ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ നാവികസേനയെ ആധുനികവൽക്കരിക്കാനുള്ള ഉത്തര കൊറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ അന്തർവാഹിനി പദ്ധതിയെന്നും കെസിഎൻഎ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിൻ്റെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനായി ഉത്തര കൊറിയയിലെ ഭരണകക്ഷി മുന്നോട്ട് വയ്ക്കുന്ന അഞ്ച് പ്രധാന നയങ്ങളിലൊന്നാണിതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

'ആണവ ശേഷികളുടെ സമഗ്ര വികസനവും നാവികസേനയുടെ ആധുനികവൽക്കരണവും അനിവാര്യവും അത്യാവശ്യവുമാണ്. ഇന്നത്തെ ലോകം ഒരു തരത്തിലും സമാധാനപരമല്ല' എന്നും കിമ്മിനെ ഉദ്ധരിച്ച് കെസിഎൻഎ വ്യക്തമാക്കുന്നു. അമേരിക്കയുമായി ചേർന്ന് ആണവ അന്തർവാഹിനി വികസിപ്പിക്കാനുള്ള ദക്ഷിണ കൊറിയയുടെ പദ്ധതി കൊറിയൻ ഉപദ്വീപിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കുമെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്നും വ്യക്തമാക്കിയ കിം അതിനാൽ തന്നെ ഇതിനെതിരെ തനിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയതായും റിപ്പോ‍ർട്ടുകൾ സൂചിപ്പിക്കുന്നു.

ദക്ഷിണ കൊറിയൻ തുറമുഖത്തേക്ക് യുഎസ് ആണവ അന്തർവാഹിനി എത്തിയതിനെയും മറ്റൊരു പ്രസ്താവനയിലൂടെ ഉത്തര കൊറിയ വിമർശിച്ചിട്ടുണ്ട്. കൊറിയൻ ഉപദ്വീപിലും മേഖലയിലും സൈനിക സംഘർഷം വർദ്ധിപ്പിക്കുന്ന പ്രവൃത്തി എന്നാണ് പ്രസ്താവന ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജീവനക്കാർക്ക് അവധി ആഘോഷിക്കുന്നതിനും സാധനങ്ങൾ കയറ്റുന്നതിനുമായി യുഎസ്എസ് ഗ്രീൻവില്ലെ എന്ന ആണവ അന്തർവാഹിനി ബുസാൻ തുറമുഖത്ത് എത്തിയതായി ചൊവ്വാഴ്ച ദക്ഷിണ കൊറിയൻ നാവികസേന അറിയിച്ചിരുന്നു.

Content Highlights: Kim Jong Un inspected the progress of nuclear submarine construction and criticized South Korea

dot image
To advertise here,contact us
dot image