

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി ഡി മണിയെന്ന ദിണ്ടിഗൽ സ്വദേശിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇന്നും തുടരും. ഡി മണിയെന്ന ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ശ്രമം നടന്നു. കേരളത്തിലേക്ക് നിരവധി തവണ ഡി മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.
ഡി മണിക്കെതിരെ മനുഷ്യക്കടത്തിനടക്കം കേസുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ നാട്ടിൽ കച്ചവടം നടത്തുന്ന ഇയാളുടെ പൂർവകാലവും എസ്‌ഐടി അന്വേഷിക്കും. ഇയാളുടെ കൂട്ടാളിയായ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യും. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തിയാണ് ഇന്നലെ ഡി മണിയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്തത്. ഇന്നും ചോദ്യം ചെയ്യൽ തുടരാനാണ് നീക്കം. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡി മണിയെ ചോദ്യം ചെയ്തത്. മൊഴി നൽകാമെന്ന് ഡി മണി സമ്മതിച്ചതിന് പിന്നാലെ മൊഴി രേഖപ്പെടുത്താൻ എസ്‌ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് പുറപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു ചോദ്യം ചെയ്യൽ.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നുമായിരുന്നു ഇയാളുടെ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഒരു ഉന്നതൻ പണം വാങ്ങിയെന്നായിരുന്നു വ്യവസായിയുടെ വെളിപ്പെടുത്തൽ.
വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചായിരുന്നു പണം നൽകിയത്. ഇതുവരെ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഉന്നതന്റെ വിവരങ്ങൾ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അഞ്ഞൂറ് കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് തന്റെ കൈയിൽ തെളിവില്ലെന്നും വ്യവസായി തന്നോട് ഇക്കാര്യം പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
Content Highlights: sabarimala gold theft case; D Mani has ties to a major political party, introduced by people related to Jayalalithaa more details from business men's statement