

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 28 ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
ഇപ്പോഴിതാ പരിപാടിക്ക് മുന്നോടിയായി മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളാണ് സമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പരിപാടി സിനിമയുടെ പ്രമോഷൻ മാത്രമായിരിക്കണമെന്നും ചടങ്ങില്‍ സംസാരിക്കുന്നവര്‍ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും നിര്‍ദേശമുണ്ട്. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്‌ളാഗുകളോ ചിഹ്നമോ ടി ഷര്‍ട്ടുകളോ ധരിച്ച് പരിപാടിക്കെത്തരുതെന്ന് പറഞ്ഞതായാണ് വിവരം.

സമീപകാലത്ത് വിജയ് നടത്തുന്ന രാഷ്ട്രീയ യോഗങ്ങളുടെയും കരൂരിലുണ്ടായ ദുരന്തത്തിന്റെയും അടിസ്ഥാനത്തിലാണ് മലേഷ്യന്‍ സര്‍ക്കാര്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണ് വിവരം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പരിപാടി പകുതി വെച്ച് നിര്‍ത്തേണ്ടി വരുമെന്ന തരത്തിലുള്ള കര്‍ശന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

ക്വലാലംപുരിലെ ബുക്കിറ്റ് ജലിൽ സ്റ്റേഡിയത്തിലാണ് പരിപാടി. 90,000 പേർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുവിഭാഗങ്ങളിലായി ഏകദേശം 2,565 ഇന്ത്യൻ രൂപമുതൽ പരിപാടിയുടെ ടിക്കറ്റ് ലഭിക്കും. 7076.34 രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. കുറഞ്ഞ തുകയുള്ള ടിക്കറ്റ് പൂർണ്ണമായും വിറ്റുപോയെന്നാണ് റിപ്പോർട്ട്. പരിപാടി നടക്കുന്ന സ്ഥലത്ത് മലേഷ്യൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Vijay's 'Jananayakan' audio launch in Malaysia