തലേന്നാൾ കാളരാത്രി, വീട് കയറി പിന്തുണ തേടലും ഭീഷണിയും, ഗ്രൂപ്പ് സജീവം: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ അജയ് തറയിൽ

വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക

തലേന്നാൾ കാളരാത്രി, വീട് കയറി പിന്തുണ തേടലും ഭീഷണിയും, ഗ്രൂപ്പ് സജീവം: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ അജയ് തറയിൽ
dot image

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മുന്‍ഗണനാ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. കെപിസിസി മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കൊച്ചി കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവമാണെന്നും അജയ് തറയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

'കോര്‍പ്പറേഷന്‍ തലത്തിലുള്ള കോര്‍കമ്മിറ്റി കൂടാതെ മേയറെ പ്രഖ്യാപിച്ചു. ഏത് മാനദണ്ഡമാണ് ഉപയോഗിച്ചതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല. ഭൂരിപക്ഷ അഭിപ്രായം ആരുടേതാണെന്ന് അറിയില്ല. ഡിസിസിയില്‍ ഗ്രൂപ്പ് അതിപ്രസരം ഇല്ല. പക്ഷെ തലേന്നാള്‍ കാളരാത്രി ആയിരുന്നു. എല്ലാ കൗണ്‍സിലര്‍മാരുടെയും വീടുകളില്‍ അതത് ഗ്രൂപ്പിന്റെ ആളുകളുടെ വീട്ടില്‍ പിന്തുണയ്ക്കായി നടക്കുന്നു. ഭീഷണിപ്പെടുത്തുന്നു. കോര്‍പ്പറേഷനില്‍ ഗ്രൂപ്പ് സജീവം', എന്നായിരുന്നു അജയ് തറയിലിന്റെ പ്രതികരണം.

വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ പിന്തുണ മാത്രം പരിഗണിച്ചാണെങ്കില്‍ ടേം വ്യവസ്ഥയില്ലാതെ ഷൈനി മാത്യുവിനെ പരിഗണിക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.

Content Highlights: deepthi mary varghese ajay tharayil against Kochi Mayor election decision

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us