ആദ്യം ഫൈറ്റ് സീൻ മാത്രം പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തി; കൂലി ചെയ്തത് രജനി സാറിന് വേണ്ടി; ഉപേന്ദ്ര

ലോകേഷ് കനകരാജ് ചിത്രമായ കൂലിയിൽ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്

ആദ്യം ഫൈറ്റ് സീൻ മാത്രം പിന്നീട് തിരക്കഥയിൽ മാറ്റം വരുത്തി; കൂലി ചെയ്തത് രജനി സാറിന് വേണ്ടി; ഉപേന്ദ്ര
dot image

കൂലിയിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറന്ന് നടൻ ഉപേന്ദ്ര. രജനികാന്തിന് വേണ്ടിയാണ് താൻ ആ റോൾ ചെയ്തതെന്നും അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ് താൻ എന്നും നടൻ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഉപേന്ദ്ര രജനികാന്തിനെക്കുറിച്ച് മനസുതുറന്നത്‌.

'രജനി സാറിന് വേണ്ടിയാണ് ഞാൻ കൂലിയിലെ റോൾ ചെയ്തത്. അത് എന്റെ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ പെർഫോമൻസിന്റെയും ടാലന്റിന്റെയും ഫിലോസഫിയുടെയും ജീവിതത്തിന്റെയും ഒക്കെ ഫാൻ ആണ് ഞാൻ. അദ്ദേഹത്തിന്റെ അടുത്ത് നിൽക്കുന്ന ഒരു ഷോട്ട് ആണെങ്കിലും എനിക്ക് ഓക്കേ ആയിരുന്നു. ആദ്യം കൂലിയിൽ എനിക്ക് ഒരു ഫൈറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അവർ കഥയിൽ മാറ്റങ്ങൾ വരുത്തി', ഉപേന്ദ്രയുടെ വാക്കുകൾ.

ലോകേഷ് കനകരാജ് ചിത്രമായ കൂലിയിൽ കലീഷ എന്ന കഥാപാത്രമായിട്ടാണ് ഉപേന്ദ്ര എത്തിയത്. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇതുവരെ ലോകേഷ് സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും മോശം ചിത്രമാണ് കൂലിയെന്നാണ് ആരാധകർ പറയുന്നത്. റിലീസിന് മുന്നേയുള്ള ഹൈപ്പിനൊപ്പം ഉയരാൻ സിനിമയ്ക്ക് ആയിട്ടില്ല. സിനിമയിലെ പല സീനുകളെയും വിടാതെ ട്രോളന്മാർ പിടിച്ചിട്ടുണ്ടെങ്കിലും ഫ്ലാഷ് ബാക് സീനുകൾ പ്രശംസിക്കാനും ഇക്കൂട്ടർ മറന്നിട്ടില്ല.

ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി രൂപ കൂലി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി.

Content Highlights: Upendra about his role in rajinikanth film Coolie

dot image
To advertise here,contact us
dot image