

കാൻബറ: 15 പേർ കൊല്ലപ്പെട്ട സിഡ്‌നി ഭീകരാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വെടിവെപ്പ് നടത്തിയ അച്ഛനും മകനുമായ സാജിദ് അക്രം, നവീദ് അക്രം എന്നിവർ മാസങ്ങൾക്ക് മുൻപേ കൃത്യത്തിനായി പരിശീലനം നടത്തിയെന്നും വെടിവെപ്പിന് മുൻപ് ജൂതർക്ക് നേരെ ബോംബുകളെറിഞ്ഞുവെന്നുമാണ് കണ്ടെത്തിയത്. പൈപ്പ് ബോംബുകളും ടെന്നീസ് ബോംബുകളുമാണ് ടൂറിസ്റ്റുകൾക്ക് നേരെ എറിഞ്ഞത്. എന്നാൽ ഇവ പൊട്ടിയിരുന്നില്ല.
പൊലീസ് ഫാക്റ്റ് ഷീറ്റിലാണ് ഈ വിവരങ്ങളുള്ളത്. സാജിദ് അക്രം, നവീദ് അക്രം എന്നിവർ മാസങ്ങൾക്ക് മുൻപേ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നഗരത്തിൽ നിന്ന് മാറി ന്യൂ സൗത്ത് വെയിൽസ് ഭാഗത്തുവെച്ചാണ് ഇരുവരും പരിശീലനത്തിൽ ഏർപ്പെട്ടത് എന്നാണ് വിവരം. ഐഎസ്ഐഎസിന്റെ ആശയമാണ് ഇവരെ ഭീകരാക്രമണത്തിലേക്ക് നയിച്ചത്.
പൊലീസ് ഫാക്റ്റ് ഷീറ്റിൽ ഇരുവരും ഉൾപ്പെട്ട വീഡിയോകൾ കണ്ടെത്തിയതായും പറയുന്നുണ്ട്. ഐഎസിന്റെ കൊടിക്ക് സമീപമിരുന്ന്, ഖുർആനിലെ വചനങ്ങൾ ചൊല്ലുകയും ജൂതരെ അപലപിക്കുകയും ചെയ്യുന്ന വീഡിയോ ഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
ഭീകരാക്രമണത്തിനെ ഇരുവരും ന്യായീകരിച്ച് സംസാരിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തോക്കുകൾക്ക് പുറമെ പൈപ്പ് ബോംബുകളും ടെന്നീസ് ബോംബുകളുമായാണ് ഇവർ ബീച്ചിലേക്ക് എത്തിയത് എന്നും പൊലീസ് കണ്ടെത്തി. വെടിവെപ്പിന് മുൻപായി ഇവർ ഇത് ആൾക്കൂട്ടത്തിലേക്കെറിഞ്ഞു. എന്നാൽ ഇവ പൊട്ടിയില്ല. ആക്രമണത്തിന് ശേഷം ഭീകരരുടെ കാറിൽ നിന്ന് ഐഎസിന്റെ കൊടികളും ബോംബുകളും പൊലീസ് കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് രണ്ട് ദിവസം മുൻപ് ഇരുവരും ബോണ്ടി ബീച്ച് സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഡിസംബർ 12നാണ് ഇരുവരും ബോണ്ടി ബീച്ച് സന്ദർശിച്ചത്.
ആക്രമണം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെ ഭീകരരുടെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ നിരവധി സാധനങ്ങൾ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണുകൾ, ഷോട്ട് ഗൺ സ്പീഡ് ലോഡറുകളുടെ 3D പ്രിന്റഡ് ഭാഗങ്ങൾ, ബോംബ് നിർമാണ സാമഗ്രികൾ, ഖുർആൻ കോപ്പികൾ എന്നിവയാണ് കണ്ടെത്തിയത്. സാജിദ് അക്രം വെക്കേഷനിലാണ് എന്നായിരുന്നു തന്റെ ധാരണ എന്നാണ് ഭാര്യ പൊലീസിന് മൊഴി നൽകിയത്. എന്നാൽ കൃത്യത്തെക്കുറിച്ച് നവീദ് അമ്മയെ അറിയിച്ചിരുന്നുവെന്നും അവർക്ക് എല്ലാം അറിയാമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലാണ്ടായ വെടിവെപ്പിൽ 15 പേരാണ് മരിച്ചത്. വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് വ്യക്തമായിരുന്നു. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
Content Highlights: attackers had practice before sydney attack, more details out