'ഊഷ്മളവും ഹൃദ്യവുമായ സംഭാഷണം'; ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോൺ സംഭാഷണം നടത്തി മോദി

വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണമുണ്ടാക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ അവലോകനം നടത്തി

'ഊഷ്മളവും ഹൃദ്യവുമായ സംഭാഷണം'; ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചകൾക്കിടെ ട്രംപുമായി ഫോൺ സംഭാഷണം നടത്തി മോദി
dot image

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി എന്തൊക്കെ ശ്രമങ്ങള്‍ നടത്താമെന്നും വ്യാപാരം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണമുണ്ടാക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ അവലോകനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പൊതുതാല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വെല്ലുവിളികള്‍ നേരിടുന്നതിനുമായി ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് ഇരു നേതാക്കളും സമ്മതിച്ചിട്ടുണ്ട്. 'ഊഷ്മളവും ഹൃദ്യവുമായ സംഭാഷണം' എന്നായിരുന്നു ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മോദി എക്‌സില്‍ കുറിച്ചത്.

ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപും മോദിയുമായി സംഭാഷണം നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും അറിയിച്ചിരുന്നു.

യുഎസിലെ ഉന്നത പ്രതിനിധി സംഘം ഡല്‍ഹിയില്‍ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കായി എത്തിയ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തമ്മിലുള്ള സംഭാഷണം. ചോളം, സോയാബീന്‍ തുടങ്ങിയ അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം നല്‍കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അരിക്ക് കൂടുതല്‍ നികുതി ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്നത്തെ ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight; PM Modi and US President Donald Trump Hold Talks on Trade, Energy, and Defence

dot image
To advertise here,contact us
dot image