

വാഷിങ്ടണ്‍: വെനസ്വേലയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുടെ വമ്പന്‍ കപ്പല്‍ പിടിച്ചെടുത്തെന്ന് ട്രംപ് തന്നെ വ്യക്തമാക്കുകയായിരുന്നു. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന പുതിയ ആഡംബര വിസ പരിപാടിക്കിടയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ എണ്ണക്കപ്പല്‍ ആരുടേതാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. കപ്പലിലെ എണ്ണയെക്കുറിച്ചുള്ള ചോദ്യത്തിന് അത് തങ്ങള്‍ സൂക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെനസ്വേലയില്‍ നിന്നും ഇറാനിലേക്ക് നിരന്തരം പോയിക്കൊണ്ടിരുന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി പറഞ്ഞു. പിടിച്ചെടുത്ത കപ്പലിന്റെ വീഡിയോയും എക്സിൽ പങ്കുവെച്ചു. 'യുദ്ധ വകുപ്പില്‍ നിന്നുള്ള പിന്തുണ പ്രകാരം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് വെനസ്വേലയുടെ ക്രൂഡ് ഓയില്‍ കൊണ്ടുപോയ കപ്പല്‍ പിടിച്ചെടുത്തു', എന്ന കുറിപ്പോടെയാണ് പമേല ബോണ്ടി വീഡിയോ പങ്കുവെച്ചത്.
അമേരിക്കന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ നിന്ന് കപ്പലില്‍ ഇറങ്ങുന്ന ദൃശ്യങ്ങളാണ് പമേല ബോണ്ടി പുറത്ത് വിട്ടത്. കപ്പല്‍ കണ്ടുകെട്ടുമെന്ന വാറന്റ് പുറപ്പെടുവിച്ചിരുന്നുവെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ഭീകരസംഘടനകളെ പിന്തുണക്കുന്നുവെന്ന് കണ്ടെത്തിയതിനാല്‍ നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നെന്ന് എഫ്ബിഐ പറയുന്നു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വമ്പന്‍ ക്രൂഡ് കാരിയര്‍ അഥവാ വിഎല്‍സിസി ഗണത്തില്‍പ്പെടുന്ന കപ്പലാണ് അമേരിക്ക പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 11 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന ഈ കപ്പല്‍ ക്യൂബയിലേക്ക് പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ് വെനസ്വേല. വര്‍ഷം ശരാശരി 7.49 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് വെനസ്വേല കയറ്റുമതി ചെയ്യുന്നത്.
Content Highlights: Donald Trump says US seized Venezuelen largest oil tanker