

ലാഹോർ: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തടവിലിട്ടിരിക്കുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് സംഘർഷാവസ്ഥ രൂക്ഷമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയിൽ പരിസരം സംഘർഷ കേന്ദ്രമാകുന്നു എന്ന റിപ്പോർട്ടുകൾ വരുന്നത്. ഇമ്രാൻ ഖാനെ കാണാൻ അനുവാദം ലഭിക്കുന്നത് വരെ ജയിൽ പരിസരം വിട്ടുപോകില്ലെന്ന നിലപാടിൽ ഉറച്ച് ഇമ്രാൻ്റെ സഹോദരി നൊരീൻ ഖാൻ ജയിൽ പരിസരത്ത് തുടരുകയാണ്. 'ഇമ്രാൻ ഖാനെ കാണുന്നത് വരെ ഞങ്ങൾ ഇവിടെ ഇരിക്കും. ഞങ്ങൾ അനങ്ങില്ല. അവർക്ക് ഇനി ഞങ്ങളെ നിശബ്ദരാക്കാൻ കഴിയില്ല' എന്നായിരുന്നു നൊരീൻ്റെ പ്രതികണം. ആയിരക്കണക്കിന് പിടിഐ അനുയായികളും ഇമ്രാൻ ഖാന്റെ വിശ്വസ്തരും പോലീസ് ബാരിക്കേഡുകൾ മറികടന്ന് ജയിലിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചുവെന്നാണ് റിപ്പോർട്ട്
ഇതിനിടെ തങ്ങൾക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായതായി ഇമ്രാൻ്റെ സഹോദരി ആരോപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ജയിൽ വളപ്പിന് പുറത്ത് പിടിഐ പ്രവർത്തകർ തടിച്ചുകൂടിയപ്പോൾ തന്നെയും സഹോദരിമാരെയും മുടിയിൽ പിടിച്ചു വലിച്ചുകൊണ്ടുപോയി കൈയേറ്റം ചെയ്തതെന്നാണ് നൊറീൻ ഖാൻ ആരോപിച്ചിരിക്കുന്നത്. ഒരു മാസത്തോളമായി ഇമ്രാൻ ഖാനെ കാണാൻ തങ്ങളെ അനുവദിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ സംഭവത്തിൽ അഡിയാല ജയിലിന് പുറത്ത് വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഇമ്രാൻ ഖാൻ്റെ തഹ്‌രീകെ ഇൻസാഫ് പാർട്ടി. വ്യാഴാഴ്ച പിടിഐ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തിൽ ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ. ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു എന്ന അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള മാധ്യമ റിപ്പോർട്ടപകൾ സംഘർഷാവസ്ഥ മൂർച്ഛിപ്പിച്ചിട്ടുണ്ട്. ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അവകാശവാദങ്ങൾക്ക് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. പാകിസ്താൻ അധികൃതർ ഈ വാർത്ത ഇഥുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ആശയക്കുഴപ്പം ഇല്ലാതാക്കാനും മുൻ പ്രധാനമന്ത്രിയുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്ന നിലപാടിലാണ് ഇമ്രാൻ ഖാൻ്റെ ബന്ധുക്കൾ.
2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ. മുൻ പാക് പ്രധാനമന്ത്രി അഡിയാല ജയിലിൽ 'കൊല്ലപ്പെട്ടു' എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളിൽ നിന്ന് വിവരം ലഭിച്ചതായി അഫ്ഗാൻ ടൈംസ് എന്ന അക്കൗണ്ടാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തെ അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
ജയിലിനുള്ളിൽ ഇമ്രാൻ ഖാൻ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നും ഇമ്രാൻ ഖാന്റെ സഹോദരിമാരായ നൊറീൻ, അലീമ, ഉസ്മ എന്നിവർ ആരോപിച്ചു. ജയിൽ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും സംബന്ധിച്ച് അദ്ദേഹം പലപ്പോഴും പരാതിപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞതായി റിപ്പോർട്ടകൾ വന്നിരുന്നു. 72-കാരനായ ഇമ്രാൻ ഖാൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2023 മുതൽ ജയിലിലാണ്.
Content Highlights: Rumors of Imran Khan's assassination Tension in front of Adiala Jail