

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ ഉപയോഗിച്ചിരുന്ന പോപ്പ് മൊബൈല്‍ എന്ന തുറന്ന വാഹനം ഇനി ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സഞ്ചരിക്കും. വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കാക്കി മാറ്റി. 2014ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബത്‌ലഹേമില്‍ വന്നപ്പോള്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസാണ് മിറ്റ്‌സുബിഷി പിക്കപ്പ് വാഹനം അദ്ദേഹത്തിന് സഞ്ചരിക്കാനായി സമ്മാനിച്ചത്. കാത്തലിക് സംഘടനയായ കാരിത്താസിന്റെ നേതൃത്വത്തിലാണ് വാഹനത്തെ കുട്ടികള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്കാക്കി മാറ്റിയത്.
ഗാസയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ആരോഗ്യപരിപാലനത്തിന് ഇങ്ങനൊരു സംഭാവന ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്‌റ്റെയര്‍ ദത്തന്‍ പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങളെ ലോകം മറക്കില്ലെന്നതിന്റെ സാക്ഷ്യമായി ഈ വാഹനം നിലകൊള്ളുമെന്ന് കര്‍ദിനാള്‍ ആന്‍ഡേഴ്‌സ് അര്‍ബോറിലിയസ് പറഞ്ഞു. പിക്കപ്പ് വാന്‍ മൊബൈല്‍ ക്ലിനിക്കാക്കാനുള്ള കാരിത്താസിന്റെ ആഗ്രഹം അന്തരിക്കുന്നതിന് മുമ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചത് ഇദ്ദേഹമായിരുന്നു.
ഒരു ദിവസം 200 കുട്ടികളെ ചികിത്സിക്കാനുതകുന്ന രീതിയിലാണ് മൊബൈല്‍ ക്ലിനിക് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ ഔദ്യോഗികമായി നിലനില്‍ക്കുന്നതിനിടയിലും ഇസ്രേയേല്‍ ആക്രമണങ്ങള്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വാഹനം എപ്പോള്‍ ഗാസയിലേക്ക് പ്രവേശിക്കുമെന്നതില്‍ ഉറപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പറ്റാവുന്നത്രയും പെട്ടെന്ന് വാഹനം ഗാസയിലേക്ക് പ്രവേശിപ്പിക്കുമെന്ന് അലിസ്‌റ്റെയര്‍ ദത്തന്‍ പറഞ്ഞു. എന്നാല്‍ ഗാസയിലേക്ക് സഹായം എത്തിക്കുന്നത് ഏകോപിപ്പിക്കുന്ന ഇസ്രയേല്‍ സര്‍ക്കാരിന്റെ ഏജന്‍സിയായ സിഒജിഎടി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചത്. നിരവധി തവണ ഇസ്രയേല്‍ ആക്രമണത്തിനെതിരെ ശബ്ദിച്ചയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
Content Highlights: Pope Francis s vehicle transfromed to Mobile clinic for Gaza Children