
വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ അടുത്ത ആഴ്ചയിലേക്കും നീളാന്‍ സാധ്യത. ധനകാര്യബില്‍ വീണ്ടും സെനറ്റില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്.
ഷട്ട് ഡൌണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്. അടച്ചുപൂട്ടല്‍ തുടര്‍ന്നാല്‍ ഏഴര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ മൂന്നാം ദിനവും നിലച്ചതോടെ സാധാരണക്കാരെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെ ഷട്ട്ഡൗണ്‍ നാസയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം തടസ്സപ്പെട്ടതോടെ നാസയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. നാസയുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളെ നടപടി സാരമായി ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബര്‍ ഒന്നിനായിരുന്നു അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നടപ്പാക്കിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയത്. അടച്ചുപൂട്ടലിന് ശേഷം അത്യാവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. അമേരിക്ക ഷട്ട് ഡൗണിലേക്ക് നീങ്ങുകയാണ് എന്ന കാര്യം നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നില്ല.
ഇതിന് ശേഷം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റില്‍ ഒരു താത്ക്കാലിക ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകളുടെ പിന്തുണയില്ലാതെ ഇതും പിരിഞ്ഞു. ഇതോടെ ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കി ട്രംപ് രംഗത്തെത്തി. ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടല്‍ പ്രാബല്യത്തില്‍ വന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.1981 ന് ശേഷം അമേരിക്കയില്‍ നിലവില്‍ വന്ന പതിനഞ്ചാം ഷട്ട്ഡൗണ്‍ ആണിത്. 2018-19 ഷട്ട്ഡൗണില്‍ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ 12 വാര്‍ഷിക അപ്രോപ്രിയേഷന്‍ ബില്ലുകളാണ് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടിംഗ് ഉറപ്പാക്കുന്നത്. ഇവ കോണ്‍ഗ്രസില്‍ പാസാകാതെയോ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് ഒപ്പിടാതെയോ വന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടും.
നിലവില്‍ ആരോഗ്യ മേഖലയില്‍ നല്‍കി വരുന്ന ധനസഹാം സംബന്ധിച്ചാണ് ഡെമോക്രാറ്റിക്- റിപ്പബ്ലിക് പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഇതില്‍ ഒബാമ കെയറിന് നല്‍കുന്ന സബ്‌സിഡിയാണ് ട്രംപ് അടക്കമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ ചൊടിപ്പിച്ചത്. ഇത് ഈ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ സബ്‌സിഡി നിലനിര്‍ത്തണമെന്നാണ് ഡെമോക്രാറ്റ്‌സിന്റെ വാദം. ഈ നിലയില്‍ അല്ലെങ്കില്‍ സഹകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ചര്‍ച്ച തുടര്‍ന്നാലും സബ്‌സിഡി ഒഴിവാക്കിക്കൊണ്ട് ഒരു തീരുമാനത്തോട് സഹകരിക്കാന്‍ ഡെമോക്രാറ്റ്‌സ് തയ്യാറാകാനുള്ള സാധ്യത വിരളമാണ്.
Content Highlights: Senate stalemate sends US shutdown into second week