
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് അഭിഷേക് ശര്‍മ. 200 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സാണ് ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് യുവ ഓപ്പണര്‍ അടിച്ചെടുത്തത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനും അഭിഷേക് തന്നെയാണ്. ഇപ്പോഴിതാ തന്റെ ബാറ്റിങ്ങ് മെച്ചപ്പെടുത്തിയതില്‍ മുന്‍ ഇന്ത്യന്‍ താരവും തന്റെ മെന്ററുമായ യുവരാജ് സിങ്ങിന്റെ സ്വാധീനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് യുവതാരം.
'ഈ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഞങ്ങള്‍ക്ക് യുവരാജ് സിങ്ങിന്റെ ക്യാമ്പുണ്ടായിരുന്നു. ഞാന്‍, ശുഭ്മന്‍, പ്രഭ്‌സിമ്രാന്‍, അന്മോള്‍പ്രീത് എന്നിങ്ങനെ കുറച്ചുപേരുണ്ടായിരുന്നു. ആ സമയത്ത് ആ ക്യാംപ് എനിക്ക് അത്യാവശ്യമായിരുന്നു, കാരണം ഞാന്‍ കരിയറില്‍ അല്‍പ്പം ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്.
ഐപിഎല്ലില്‍ എനിക്ക് സ്ഥിരതയുണ്ടായിരുന്നില്ല. സ്ഥിരമായി പ്ലേയിങ് ഇലവനില്‍ പോലും എനിക്ക് സ്ഥാനമുണ്ടായിരുന്നില്ല. ശുഭ്മന്‍ അന്നേ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. അവരേക്കാള്‍ ഞാന്‍ പിന്നിലാണ് എന്ന തോന്നലുണ്ടായിരുന്നു. എന്റെ വയസിലുള്ളവര്‍ ഇതിനോടകം തന്നെ എന്നെക്കാള്‍ മെച്ചപ്പെട്ട നിലയിലായിരുന്നു.
ഒരിക്കല്‍ ലഞ്ച് കഴിക്കുന്നതിനിടെ യുവി പാജി എന്നോട് പറഞ്ഞു. നിന്നെ ഞാന്‍ റെഡിയാക്കുന്നത് സംസ്ഥാന ടീമില്‍ കളിക്കാനോ ഐപിഎല്‍ കളിക്കാനോ ഇന്ത്യന്‍ ടീമില്‍ എത്താനോ പോലുമല്ല. ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ നിനക്ക് കഴിയണം. ഇത് എഴുതിവെച്ചോളൂ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുകയും ചെയ്യുമെന്നും പാജി പറഞ്ഞു. ആ ഒരൊറ്റ സംഭാഷണമാണ് എന്റെ ലക്ഷ്യം തിരിച്ചറിയാന്‍ സഹായിച്ചത്.
'യുവി പാജി എന്റെ ഓരോ മത്സരത്തിന്റെയും വീഡിയോ കണ്ട് അതില്‍ നിന്ന് നോട്ടുകള്‍ ഉണ്ടാക്കുമായിരുന്നു. എന്റെ പവര്‍ ഹിറ്റിംഗും ടെക്നിക്കും മെച്ചപ്പെടുത്താന്‍ അതുകൊണ്ട് സാധിച്ചിട്ടുണ്ട്. ദിവസവും 5 മണിക്കൂര്‍ നേരം കഠിനമായി പ്രാക്ടീസ് ചെയ്യുമായിരുന്നു' അഭിഷേക് പറഞ്ഞു.
Content Highlights: Yuvraj Singh Said "I Am Making You Ready For India": Abhishek Sharma Shares