
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടണിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെക്കേഴ്‌സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ട്രംപിന്റെ സ്വകാര്യ ഹെലികോപ്ടറായ മറീന്‍ വണ്‍ ആണ് സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. ഇതേതുടര്‍ന്ന് മറ്റൊരു ഹെലികോപ്ടറില്‍ ട്രംപും മെലനിയയും യാത്ര തുടരുകയായിരുന്നു.
ഹെലികോപ്ടറിന്റെ ഹൈഡ്രോളിക് സംവിധാനത്തില്‍ കണ്ടെത്തിയ ചെറിയ തകരാറിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. സ്റ്റാന്‍സ്റ്റസ് വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ് പൈലറ്റുമാര്‍ ഹെലികോപ്ടര്‍ പ്രാദേശിക എയര്‍ഫീല്‍ഡില്‍ ഇറക്കുകയായിരുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ മാര്‍ഗേന ഇരുപത് മിനിട്ടില്‍ എത്തേണ്ടിയിരുന്നു ട്രംപ്, തകരാറിനെ തുടര്‍ന്ന് ഇരുപത് മിനിട്ട് കൂടി വൈകിയാണ് എത്തിയത്. തുടര്‍ന്ന് പ്രസിഡന്റിനെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ ട്രംപ് യുഎസിലേക്ക് മടങ്ങി.
Content Highlight; Emergency Landing of Trump’s Helicopter in UK Due to Hydraulic Issue