
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിലെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നിര്‍ത്തിവച്ചിരുന്നു. ഇന്ന് രാവിലെ മുതല്‍ ഉപകരണം ലഭ്യമാകുന്നതോടെ ശസ്ത്രക്രിയാ പ്രതിസന്ധിക്ക് പരിഹാരമാകും. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ഉപകരണം ലഭ്യമാക്കുന്നതോടെ ശസ്ത്രക്രിയയ്ക്കുള്ള പുതിയ അഡ്മിഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും.
ഉപകരണങ്ങളുടെ അപര്യാപ്തത മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആര്‍ഐആര്‍എസ് ശസ്ത്രക്രിയ നിര്‍ത്തിവെച്ചിരുന്നു. ഫ്‌ലെക്‌സിബിള്‍ യൂറിട്ടറോസ്‌കോപ്പ് എന്ന ഉപകരണം ഇല്ലാത്തതിനാലാണ് ശസ്ത്രക്രിയ മുടങ്ങിയിരുന്നത്. ഇപ്പോള്‍, ഡിഎംഇ കെ വി വിശ്വനാഥന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഡിഎംഇയോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉപകരണങ്ങള്‍ വാങ്ങി ശസ്ത്രക്രിയ പുനഃരാരംഭിക്കാന്‍ തീരുമാനമായത്.
Content Highlight; Solution to the surgical crisis at Thiruvananthapuram Medical College; Equipment will be made available