'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ': ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍

ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു

'ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ': ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ കമ്മീഷന്‍
dot image

ന്യൂയോര്‍ക്ക്: ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷന്‍. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രയേല്‍ നേതാക്കളുടെ പ്രസ്താവനയും സൈന്യത്തിന്റെ നടപടിയും വംശഹത്യയ്‌ക്കെതിരായ തെളിവാണെന്നും യുഎന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

'2023-ല്‍ ഹമാസുമായുളള യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത് വംശഹത്യയാണ്. ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുക, ഗുരുതരമായ ശാരീരിക, മാനസിക ഉപദ്രവമേല്‍പ്പിക്കുക, ജനനം തടയുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയ ഗാസയില്‍ നടക്കുന്നത് വംശഹത്യയാണ് എന്നതിന് തെളിവാണ്'എന്നാണ് ഐക്യരാഷ്ട്രസഭ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വ്യാജവും വളച്ചൊടിച്ചതുമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കമ്മീഷനിലെ മൂന്നുപേര്‍ ഹമാസ് അനുകൂലികള്‍ ആണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

അതേസമയം, ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. ഗാസ സിറ്റിയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 78 പേരാണ് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. അല്‍ ഷിഫ മെഡിക്കല്‍ കോളേജ് കോംപ്ലക്‌സ്, അല്‍ ദറാജ്, അല്‍ നാസര്‍ തുടങ്ങിയ മേഖലകളില്‍ കനത്ത ആക്രമണമുണ്ടായി. ആക്രമണം കടുത്തതോടെ ജീവന്‍ രക്ഷിക്കാനായി കൂട്ട പലായനം നടത്തുകയാണ് പലസ്തീനികള്‍. അല്‍ മവാസിയിലേക്കുളള അല്‍ റാഷിദ് എന്ന തീരദേശ റോഡ് മാത്രമാണ് പലായനം ചെയ്യുന്നതിന് ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.

Content Highlights: Israel has committed genocide in Gaza says UN commission of inquiry

dot image
To advertise here,contact us
dot image