
ലങ്കാഷെയര്‍: യുകെയിലെ ലങ്കാഷെയറില്‍ അഞ്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഇന്ത്യന്‍ ഡോക്ടര്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ഹൃദ്രോഗ വിദഗ്ധനായ അമല്‍ ബോസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്ത് വന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലങ്കാഷെയറിലെ ബ്ലാക്ക് പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഞ്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമല്‍ ബോസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കൂടാതെ സഹപ്രവര്‍ത്തകരായ മറ്റ് സ്ത്രീകളെയും ഇയാള്‍ കടന്നുപിടിക്കുകയും ചെയ്തിരുന്നുവെന്നും കോടതി കണ്ടെത്തി.
കൂടാതെ, സ്ത്രീകളെ ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്റുകളും ഇയാള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ആയതിനാല്‍ പെരുമാറ്റത്തെ ചോദ്യം ചെയ്യാന്‍ എല്ലാവരും മടിച്ചു. ചെറുപ്പക്കാരികളായ സ്ത്രീകളെ മാത്രം ലക്ഷ്യംവച്ചായിരുന്നു ഇയാള്‍ പെരുമാറിയിരുന്നത് എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് സഹായിക്കുന്ന ആരോഗ്യപ്രവര്‍ത്തകയെയും അമല്‍ ബോസ് കയറിപ്പിടിച്ചിരുന്നതായി പരാതിയുണ്ട്. സംഭവത്തില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും.
Content Highlight; Court to deliver verdict in case of Indian doctor accused of sexual assault