ഗാസയുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാകില്ല, ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ തുടരും: നെതന്യാഹു

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായുളള കൂടിക്കാഴ്ച്ചയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്

ഗാസയുമായുള്ള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാകില്ല, ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ തുടരും: നെതന്യാഹു
dot image

ടെല്‍ അവീവ്: ഗാസയുമായുളള യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാനാവില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നത് വരെ യുദ്ധം തുടരുമെന്നും ഖത്തര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായുളള കൂടിക്കാഴ്ച്ചയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഇരു നേതാക്കളും തമ്മിലുളള കൂടിക്കാഴ്ച്ച നാല് മണിക്കൂര്‍ നീണ്ടുനിന്നു.

അതേസമയം, അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ ഇസ്രായേലിനെതിരെ കടുത്ത വിമര്‍ശനമുണ്ടായി. ഇസ്രയേലിനെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. ഇസ്രയേല്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് ഈജിപ്ത് ഉച്ചകോടിയില്‍ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണം പ്രകടവും വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ആക്രമണം ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താനെന്നും അമീര്‍ പറഞ്ഞു.

ഹീനമായ ആക്രമണത്തിനെതിരെ ഏകീകൃതവും ഉറച്ചതുമായ നിലപാട് സ്വീകരിക്കാനുളള അവസരമാണ് ഉച്ചകോടിയെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ സെക്രട്ടറി ജനറല്‍ ഹിസ്സൈന്‍ ബ്രാഹിം താഹ പറഞ്ഞു. ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണ് എന്നാണ് ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സിന്റെ സെക്രട്ടറി ജനറല്‍ അഹമ്മ് അബൗള്‍ ഗെയ്ത പറഞ്ഞത്. അന്താരാഷ്ട്ര നിശബ്ദത അവസാനിപ്പിക്കാനും ആഹ്വാനമുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ നാളെ ഖത്തറിലെത്തും. ഇസ്രയേല്‍ സന്ദര്‍ശനത്തിനുപിന്നാലെയാണ് മാര്‍ക്കോ ഖത്തറിലെത്തുന്നത്.

ഗാസയിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയിൽ ഇന്നലെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 64,871 പേരാണ് കൊല്ലപ്പെട്ടത്. തുടർച്ചയായ യുദ്ധത്തിൽ തകർന്ന ഗാസയിൽ പട്ടിണി മരണങ്ങളും നാൾക്കുനാൾ വർധിക്കുകയാണ്. 145 കുട്ടികളടക്കം 422 പേർക്കാണ് ഇതുവരെ കടുത്ത പട്ടിണി മൂലം ജീവൻ നഷ്ടമായത്.

Content Highlights: Gaza war cannot be ended quickly says Benjamin Netanyahu

dot image
To advertise here,contact us
dot image