
അബുദാബിയിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് വന്നതായി പരിസ്ഥിതി ഏജൻസി - അബുദാബി അറിയിച്ചു. പ്ലാസ്റ്റിക് ബാഗുകൾ ഒരു തവണ മാത്രം ഉപയോഗിക്കുകയെന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സാമൂഹിക സഹകരണത്തെയും പരിസ്ഥിതിപരമായ ഉത്തരവാദിത്തത്തോടുള്ള വർദ്ധിച്ച പ്രതിബദ്ധതയെയും നേട്ടം പ്രതിഫലിക്കുന്നതായി അധികൃതർ പ്രതികരിച്ചു.
പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ പൊതുജന പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ബദലുകളിലേക്ക് മാറാനുള്ള അവബോധം, മനോഭാവം, സന്നദ്ധത എന്നിവ അളക്കുന്നതിനായി പരിസ്ഥിതി ഏജൻസി - അബുദാബി ഒരു പൊതുജനാഭിപ്രായ സർവേയും ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 12 വരെ നടക്കുന്ന ഈ സർവേയിൽ ഒറ്റത്തവണ ഉപയോഗിക്കുവുന്ന പ്ലാസ്റ്റിക് നയം നടപ്പിലാക്കുന്നതിന് വ്യക്തികൾ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും ചർച്ചയാകും. ലഭിക്കുന്ന വിവരങ്ങൾ ഭാവിയിലെ നയരൂപീകരണത്തിനും ബോധവത്കരണ കാമ്പെയ്‌നുകൾക്കും സഹായകമാകുമെന്നും ഇത് പ്ലാസ്റ്റിക് ആശ്രയത്വം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി നൽകുമെന്നും ഏജൻസി അറിയിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ നിർണായകമാണെന്ന് അവർ വ്യക്തമാക്കി.
Content Highlights: Abu Dhabi cuts plastic bag use by 95% in just one year