
ബഹ്റൈനില്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്ന ഉച്ചവിശ്രമ ഇടവേള അവസാനിച്ചു. നാളെ മുതല്‍ രാജ്യത്തെ കമ്പനികള്‍ പഴയ രീതിയില്‍ തൊഴില്‍ സമയം പുനക്രമീകരിക്കും. വേനല്‍ചൂടിന് നേരിയ ശമനമായതിന് പിന്നാലെയാണ് ഉച്ചസമയത്തെ ഇടവേള അവസാനിപ്പിക്കുന്നത്.
ബഹ്‌റൈനില്‍ വേനല്‍ ചൂട് ശക്തമായതിന് പിന്നാലെ ജുണ്‍ 15നാണ് പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ ഉച്ചക്ക് ഇടവേള അനുവദിച്ചത്. 12 മണി മുതല്‍ വൈകിട്ട് നാല് വരെ തുറസായ സ്ഥലങ്ങളിലോ നേരിട്ട് സൂര്യപ്രകാരം ഏല്‍ക്കുന്ന സ്ഥലങ്ങളിലോ ജോലി ചെയ്യുന്നതിനായിരുന്നു വിലക്ക്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് കനത്ത ചൂടിന് ശമനമുണ്ടായതിന് പിന്നാലെയാണ് നാളെ മുതല്‍ ജോലി സമയം പഴയ രീതിയില്‍ പുനക്രമീകരിക്കുന്നത്.
ഉച്ചവിശ്രമ നിയമം 99.96% കമ്പനികളും പൂര്‍ണമായി പാലിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലുടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 17,600 പരിശോധനകളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. ആറ് നിയമ ലംഘനങ്ങള്‍ മാത്രമാണ് പരിശോധനയില്‍ കണ്ടെത്തിയത്. 2013 മുതല്‍ എല്ലാ വേനല്‍ക്കാലത്തും തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ ഇടവേള നല്‍കി വരുന്നുണ്ട്.
വേനല്‍ച്ചൂട് ഏല്‍ക്കുന്നതുമൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുകയും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളെയും തൊളിലുടമകളെയും ബോധവത്ക്കരിക്കുന്നതിനായി നിരവധി കാമ്പയിനുകളും തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
Content Highlights: The lunch break for workers working outside the home in Bahrain has ended.