
പുത്തൻ റിലീസുകളെപ്പോലെ തന്നെ ആരാധകർ ഇപ്പോൾ റീ റിലീസ് സിനിമകൾക്കും ഉണ്ട്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റീ റിലീസിന് തയ്യാറെടുക്കുകയാണ് ഒരു വിജയ് ചിത്രം.
വിജയ്‌യുടെ എക്കാലത്തെയും സൂപ്പർഹിറ്റ് സിനിമയായ 'ഖുഷി' ആണ് റീ റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബർ 25 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ശക്തി ഫിലിം ഫാക്ടറി ആണ് സിനിമ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 4K ഡോൾബി അറ്റ്മോസിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ വിജയ് ചിത്രങ്ങളായ തുപ്പാക്കി, ഗില്ലി, സച്ചിൻ എന്നിവ റീ റിലീസ് ചെയ്യുകയും ബോക്സ് ഓഫീസിൽ നിന്നും ഗംഭീര കളക്ഷൻ നേടുകയും ചെയ്തിരുന്നു. എസ് ജെ സൂര്യ സംവിധാനം ചെയ്ത ചിത്രത്തിൽ ജ്യോതിക ആണ് നായികയായി എത്തിയത്.
ദേവ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. ഖുഷിയിലെ ഗാനങ്ങൾ എല്ലാം ഇന്നും ഹിറ്റാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത് ജീവയാണ്. മുംതാജ്, വിജയകുമാർ, വിവേക്, നിഴൽകൾ രവി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അതേസമയം, സച്ചിൻ ആണ് ഏറ്റവും ഒടുവിലായി റീ റിലീസ് ചെയ്ത വിജയ് ചിത്രം. വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.
🚨 #Kushi Re-Releasing on SEPT 25th ✅ 💥 #ThalapathyVijay pic.twitter.com/uvvdbO6l1J
— TollyMovie Official (@TollyMovieOffcl) September 15, 2025
ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്.
content highlights: Vijay's hit film Kushi all set for a re release