
നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ പുറത്തിറങ്ങുന്ന സിനിമയിൽ നിത്യ മേനനും രാജ്‌കിരണും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ധനുഷ് പറഞ്ഞ വാക്കുകളാണ് ട്രോളുകൾക്ക് ഇരയാകുന്നത്.
കുട്ടിക്കാലത്ത് തനിക്ക് ഇഡ്ഡലി വളരെ ഇഷ്ടമായിരുന്നു എന്നും എന്നാൽ അത് കഴിക്കാൻ താൻ വളരെ കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ധനുഷ് പറഞ്ഞതാണ് ട്രോളുകൾക്ക് ഇരയായിരിക്കുന്നത്. 'കുട്ടിക്കാലത്ത് എനിക്ക് ദിവസവും ഇഡ്ഡലി കഴിക്കാന്‍ വലിയ കൊതിയായിരുന്നു. പക്ഷേ അത് വാങ്ങാന്‍ പൈസയില്ലായിരുന്നു. അതുകൊണ്ട് അയല്‍പക്കങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിക്കും. ഓരോ ദിവസവും ഞങ്ങള്‍ ശേഖരിക്കുന്ന പൂക്കളുടെ അളവ് അനുസരിച്ചായിരുന്നു ഞങ്ങള്‍ക്ക് പണം കിട്ടിയിരുന്നത്. ഞാനും എന്റെ സഹോദരിയും മറ്റും പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റ് രണ്ട് മണിക്കൂറിലധികം പൂക്കള്‍ ശേഖരിക്കും. രണ്ടുരൂപയിലേറെയായിരുന്നു ഇതിന് ഞങ്ങള്‍ക്ക് കിട്ടിയത്. അതിനുശേഷം, ഞങ്ങള്‍ അടുത്തുള്ള ഒരു പമ്പ് സെറ്റില്‍ പോയി കുളിച്ച്, ഒരു തോര്‍ത്ത് മാത്രം ഉടുത്ത് പ്രധാന റോഡിലൂടെ നടക്കും.
ആ പണത്തിന് ഞങ്ങള്‍ക്ക് നാലോ അഞ്ചോ ഇഡ്ഡലി കിട്ടും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കും രുചിക്കും മുകളില്‍ മറ്റൊന്നുമില്ല. എന്റെ കുട്ടിക്കാലത്ത് കിട്ടിയിരുന്ന ആ സന്തോഷവും രുചിയും ഇന്നത്തെ റെസ്റ്റോറന്റുകളിലെ ഭക്ഷണത്തില്‍നിന്ന് എനിക്ക് കിട്ടുന്നില്ല', എന്നാണ് ധനുഷിന്റെ വാക്കുകൾ.
#Dhanush about #IdliKadai:
— AmuthaBharathi (@CinemaWithAB) September 14, 2025
"During my childhood, I somehow want to eat Idli Daily. But I don't had money. I'm not getting the happiness & taste now in restaurants, which i had during my childhood😀. Film based on real life inspiration of my childhood♥️" pic.twitter.com/QmcxIoEvZ9
തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ കസ്തൂരി രാജയുടെ മകനായ ധനുഷിന് ഒരു ഇഡ്ഡലി കഴിക്കാനായി ഇത്രയൊക്കെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും ചോദിക്കുന്നത്. തന്റെ പുതിയ സിനിമയായ ഇഡ്‌ലി കടൈയുടെ പ്രൊമോഷന് വേണ്ടിയാണ് ധനുഷ് ഇങ്ങനെ സംസാരിച്ചതെന്നും ഇതൊന്നും യാഥാർഥ്യമല്ല എന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ഉന്നയിക്കുന്നത്.
content highlights: Dhanush speech at idly kadai audio launch goes viral