
പത്തിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാര്യമാണ് പറയുന്നത്. നിലവില്‍ നമ്മുടെ സംസ്ഥാനത്തല്ല, ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ കാണാതെ പോയത് പ്രായപൂര്‍ത്തിയാകാത്ത 97ഓളം കുട്ടികളെയാണ്. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. പലരെയും കണ്ടുപിടിച്ച് കുടുംബത്തിനൊപ്പം ചേര്‍ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
വീട്ടിലാരോടും ഒരു വാക്കു പറയാതെ സ്‌കൂളിലേക്കെന്ന പോലെ രാവിലെ ഇറങ്ങുന്നവര്‍ പിന്നെ മടങ്ങിവരുന്നില്ല. സോഷ്യല്‍ മീഡിയയും ചില വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളും ഉണ്ടാക്കുന്ന സ്വാധീനമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഡെറാഡൂണ്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് അജയ് സിങ് പറയുന്നത്, ഉത്തരാഖണ്ഡില്‍ നിന്ന് മാത്രമല്ല ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ്.
അറുപത്തിരണ്ടോളം കേസുകളില്‍ മാതാപിതാക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും അവര്‍ വഴക്കു പറഞ്ഞതുമാണ് കുട്ടികളെ വീട് വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 24ഓളം കേസുകളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം മൂലം വീടുവിട്ട് ഇറങ്ങിയവരും വീട്ടില്‍ പറയാതെ കറങ്ങിനടക്കാന്‍ പോയവരുമാണ്. അതേസമയം മറ്റ് പതിനൊന്ന് കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചിലര്‍ പ്രലോഭിപ്പിച്ച് ഇറക്കിക്കൊണ്ടുപോകുകയാണ് ഉണ്ടായത്. പല ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ കാണാതെ പോയ 87 കുട്ടികളെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ കുട്ടികള്‍ നിരന്തരം വീടുവിട്ടിറങ്ങുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.
ഇത്തരം കേസുകളില്‍ ഓണ്‍ലൈന്‍ സ്വാധീനം വലിയ രീതിയില്‍ സ്വാധീനം ചെലുത്തുന്നതും ഗൗരവമായാണ് പൊലീസ് കണക്കാക്കുന്നത്. സ്‌കൂളില്‍ പഠനത്തിനിടയിലുള്ള ഇടവേളകളില്‍ കുട്ടികളെ ലക്ഷ്യം വച്ച്പ്രവര്‍ത്തിക്കുന്ന ചിലര്‍ സ്‌കൂളിന് പുറത്ത് ഇരുചക്രവാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നതും നിരീക്ഷണത്തിലാണ്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ ചില കേസുകളില്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേക സംഘത്തെ തന്നെ പൊലീസ് വിന്യസിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക് കൗണ്‍സിലിങ് അടക്കം നല്‍കാനായുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.
വീട്ടിലിരുന്ന് മടുത്ത് ചുറ്റിക്കറങ്ങാന്‍ ഇറങ്ങുന്നവര്‍, ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കാത്തതിന് പിണങ്ങി ഇറങ്ങിയവര്‍ എന്നിവരും കാണാതായവരുടെ പട്ടികയിലുണ്ട്.
Content Highlights: Minors especially girl students went missing in these states