ആളിക്കത്തി പ്രക്ഷോഭം; രാജ്യംവിടാന്‍ നേപ്പാൾ പ്രധാനമന്ത്രി, നേതാക്കളുടെ വീടിന് തീവെച്ച് പ്രതിഷേധക്കാര്‍

കലാപസമാന അന്തരീക്ഷം, പ്രധാനമന്ത്രിയുടെ വീടിന് സമീപം വെടിവെപ്പ്

ആളിക്കത്തി പ്രക്ഷോഭം; രാജ്യംവിടാന്‍ നേപ്പാൾ പ്രധാനമന്ത്രി, നേതാക്കളുടെ വീടിന് തീവെച്ച് പ്രതിഷേധക്കാര്‍
dot image

കാഠ്മണ്ഡു: പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിടാനൊരുങ്ങി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. ദുബായ്ലേക്ക് പോകാനാണ് ശ്രമം. ഇതിനായി എയർലൈൻസ് സജ്ജമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിക്ക് ശർമ്മ ഒലി തന്റെ ചുമതലകൾ കൈമാറി. അതേസമയം പ്രതിഷേധത്തെ തുടർന്ന് മൂന്ന് മന്ത്രിമാരാണ് നേപ്പാളിൽ രാജിവെച്ചത്. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദിപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരാണ് രാജിവെച്ചത്. ഇതിനിടെ ശർമ്മ ഒലി സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രി രാജിവെച്ചേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. പ്രക്ഷോഭത്തിൽ ഇതുവരെ 19 പേരാണ് മരിച്ചത്. ഇതിൽ 12 വയസുള്ള കുട്ടിയുമുണ്ട്. 300 ലധികം പേർക്കാണ് പരിക്കേറ്റത്.

അതേസമയം സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർക്കാർ നീക്കം ചെയ്‌തെങ്കിലും നേപ്പാളിൽ രണ്ടാം ദിനവും പ്രക്ഷോഭം തുടരുകയാണ്. പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. ഭക്താപൂരിലെ പ്രധാനമന്ത്രിയുടെ വീടിന് സമീപം വെടിവെപ്പുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. കലാപ സമാനമായ അന്തരീക്ഷമാണ് നിലവിലുളളത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖകിന്റെ വീടും നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹദൂർ ദ്യൂബയുടെ വീടിനും പ്രക്ഷോഭകാരികൾ തീവെച്ചതായും റിപ്പോർട്ടുകളുണ്ട്. കിർത്തിപൂർ മുനിസിപ്പാലിറ്റി കെട്ടിടവും തീവെച്ച് നശിപ്പിച്ചു.

ഇതിനിടെ നേപ്പാളിൽ തങ്ങുന്ന ഇതര രാജ്യക്കാർക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തി. തിരികെ പോകേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് വിശദീകരണം. കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും കർഫ്യൂ തുടരുകയാണെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക സംഘർഷം തുടരുകയാണ്. അതേസമയം നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാൾ സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യ അറിയിച്ചു. നേപ്പാളിലെ പ്രതിഷേധം ഇന്ത്യയിലേക്ക് വ്യാപിക്കാതിരിക്കാൻ അതിർത്തി രക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്കാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. പിന്നാലെയാണ് യുവാക്കൾ തെരുവിലിറങ്ങിയതും പ്രക്ഷോഭം ഉടലെടുത്തതും. സ‍ർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാ‍രുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം.
സംഘർഷത്തിനിടെ ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

Content Highlights: Nepal protest; Prime Minister KP Sharma Oli is Planning to go Dubai

dot image
To advertise here,contact us
dot image