
വാഷിംഗ്ടൺ: സെർജിയോ ഗോറിനെ ഇന്ത്യയിലെ പുതിയ അമേരിക്കൻ അംബാസഡർ ആയി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അധിക നികുതി ചുമത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധം വഷളായതിന് പിന്നാലെയാണ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചിരിക്കുന്നത്. ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയുടെ ചുമതലയും സെർജിയോ ഗോറിന് നൽകിയിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് സെർജിയോ ഗോർ അറിയപ്പെടുന്നത്.
വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറാണ് നിലവിൽ ട്രംപ്. എറിക് ഗസേറ്റിയ്ക്ക് പകരക്കാരനായാണ് സെർജിയോ ഗോർ ഇന്ത്യയിലേയ്ക്ക് എത്തുന്നത്.
സെർജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത അംബാസിഡറായും തെക്ക്-മധ്യ ഏഷ്യയിലെ പ്രത്യേക പ്രതിനിധിയായും പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഗോർ വളരെക്കാലമായി തൻ്റെ ഒപ്പം നിന്ന വലിയ സുഹൃത്താണെന്നും ട്രംപ് കുറിച്ചിരുന്നു.
ഉസ്ബെക്കിസ്ഥാനിലെ താഷ്കൻ്റിലാണ് സെർജിയോ ഗോർ ജനിച്ചത്. പിന്നീട് അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രവർത്തനങ്ങളിലും സെർജിയോ ഗോർ സജീവമായി. 2008ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോൺ മക്കെയ്ൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കാളിയായിരുന്നു. 2013ൽ കെൻ്റക്കി സെനറ്റർ റാൻഡ് പോളിൻ്റെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടറായി സെർജിയോ ഗോർ നിയോഗിതനായി. പിന്നീട് സെർജിയോ ഗോറിന്റെ പുസ്തക പ്രസാധാന സ്ഥാപനം ട്രംപിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പിന്നീട് ട്രംപിന് വേണ്ടി രൂപികരിച്ച പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയായ റൈറ്റ് ഫോർ അമേരിക്കയെ നയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് വൈറ്റ് ഹൗസിലെ പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിലെ ഡയറക്ടറായി സെർജിയോ ഗോർ നിയോഗിതനായത്.
Content Highlights: Donald Trump announced Sergio Gor as the next United States Ambassador to India