
ജറുസലേം: ഇസ്രയേൽ അധിനിവേശം നടക്കുന്ന ഗാസ സിറ്റിയിലും സമീപ പ്രദേശങ്ങളിലും ക്ഷാമബാധിതമെന്ന് പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സംഘടന. അന്താരാഷ്ട്ര സംഘടനയായ ഇന്റഗ്രേറ്റഡ് സിസ്റ്റം ഫോർ മോണിറ്ററിങ് ഗ്ലോബൽ ഹംഗർ ആൻഡ് ഫുഡ് സെക്യൂരിറ്റിയെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം. യുഎൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്‌ളാസിഫിക്കേഷനിൽ(IPC) ഫേസ് അഞ്ചിലാണ് ഗാസഉൾപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് കടുത്ത പട്ടിണിയും മരണവും ദാരിദ്ര്യവുമാണ് നിലവിലുള്ളതെന്ന് IPC റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത മാസം സെപ്തംബർ അവസാനത്തോടെ സെൻട്രൽ ഗാസയിലെ ഡയർ എൽ-ബാലാഹ്, ദക്ഷിണ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ സ്ഥിതിയും ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്നും അമ്പതിനായിരത്തോളം പേരാണ് ഇതിന്റെ ഇരകളാവുകയെന്നും അന്താരാഷ്ട്ര സംഘടന പറയുന്നു.
ഗാസയിലെ ജനസംഖ്യയുടെ 54 ശതമാനത്തോളം വരുന്ന 1.07 മില്യൺ ഗാസക്കാരെ അത്യാഹിത സ്ഥിതിയിലുള്ളവരായാണ് കണക്കാക്കുന്നത്. ഇവർ ഫേസ് നാലിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം 396,000 ആളുകൾ, അതായത് ഏകദേശം ഇരുപത് ശതമാനം പേർ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടവരുടെ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഉടനടി ഈ സാഹചര്യത്തിൽ നടപടി കൈക്കൊള്ളണമെന്നാണ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒരു പ്രദേശത്തെ ഇരുപത് ശതമാനത്തോളം ജനങ്ങൾ പട്ടിണിയിലാകുകയും അവിടുള്ള കുട്ടികളിൽ മൂന്നിൽ ഒരാൾ പോഷകകുറവ് നേരിടുകയും പതിനായിരം പേരിൽ രണ്ട് പേർ ദിനംപ്രതി പട്ടിണിയോ അസുഖമോ മൂലം മരിക്കുകയും ചെയ്താലാണ് അത്തരം പ്രദേശങ്ങളാണ് ക്ഷാമമുള്ള പ്രദേശങ്ങളായി ഐപിസി കണക്കാക്കുന്നത്. അതേസമയം ഈ റിപ്പോർട്ട് വ്യാജവും ഏകപക്ഷീയവുമാണെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.
ഇസ്രയേൽ അധിനിവേശവും ആക്രമണങ്ങളുമാണ് ഗാസ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങാൻ കാരണമെന്നും ഇത്തരം മരണങ്ങളും സാഹചര്യങ്ങളും യുദ്ധക്കുറ്റമായി കണക്കാക്കണമെന്നുമാണ് യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ചീഫ് വോൾക്കർ ടർക്ക് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ഹമാസും ഇസ്രയേലും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾ മൂലം ഗാസയിലെ മനുഷ്യർ നേരിടുന്ന പ്രതിസന്ധി ചിന്തിക്കാനാവാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്ന് കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ബ്രിട്ടൻ ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഐപിസിയുടെ കണ്ടെത്തലുകൾ പുറത്ത് വന്നിരിക്കുന്നത്.
Content Highlights: UN declared famine in Gaza city