ബിസിനസ് വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 454 മില്യണ്‍ ഡോളറിന്റെ പിഴ കോടതി റദ്ദാക്കി

കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി

dot image

ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കേസില്‍ കീഴ്‌കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. അഞ്ചംഗ അപ്പീല്‍ കോടതിയാണ് പിഴ റദ്ദാക്കിയത്. കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ചുമത്തിയിരിക്കുന്ന പിഴ വളരെ വലുതാണെന്നും ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ സമ്പൂര്‍ണ വിജയം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ കേസില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ന്യൂയോര്‍ക്ക് കോടതി ഡോണള്‍ഡ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്.

സർക്കാർ തങ്ങളുടെ പൗരന്മാർക്ക് മേൽ അമിതമായ ശിക്ഷകൾ ചുമത്തുന്നത് വിലക്കാൻ ഭരണഘടനയിൽ അനുശാസിക്കുന്ന എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു ട്രംപിന് അനുകൂലമായ വിധി. ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ, മാറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് നേട്ടങ്ങൾ ഉറപ്പാക്കാൻ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്.

2024 ഫെബ്രുവരിയിലാണ് കീഴ്ക്കോടതി ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തിയത്. ഈ പിഴ അടച്ച് തീർക്കാത്തതിനാൽ പലിശ വളർന്ന് 454 മില്യൺ ഡോളറിലെത്തി. എന്നാൽ ഈ വിധിയെ മേൽക്കോടതി ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ഏകദേശം അര മില്യൺ ഡോളർ പിഴ അമിതമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കഠിനമായ ശിക്ഷയ്ക്ക് എതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇപ്പോൾ ചുമത്തിയിരിക്കുന്ന പിഴ എന്നും കോടതി ചൂണ്ടിക്കാട്ടി.


അതേസമയം പോൺ താരം സ്റ്റോമി ഡാനിയേൽസിന് ലൈംഗിക ബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസ് അടക്കം ട്രംപിനെതിരെയുണ്ട്. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോർക്ക് ജൂറിയുടെ കണ്ടെത്തിയിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് മോഡലും നടിയുമായ സ്റ്റോമി ഡാനിയൽസിന് നൽകിയ 130,000 ഡോളർ തന്റെ അഭിഭാഷകനായ മൈക്കൽ കോഹന് തിരികെ നൽകുന്നതിനായി ബിസിനസ്സ് രേഖകളിൽ തിരിമറി നടത്തിയതിന് ട്രംപ് ശിക്ഷിക്കപ്പെട്ടിരുന്നു.


2006-ൽ ട്രംപുമായി ഉണ്ടായ ലൈംഗിക ബന്ധം വിശദമായി കോടതിയിൽ സ്റ്റോമി ഡാനിയൽസ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്.

Content Highlight; Appeals Court Dismisses Civil Fraud Penalty Against Donald Trump


dot image
To advertise here,contact us
dot image