
ടെല്‍ അവീവ്: ഗാസസിറ്റി ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ഇസ്രയേല്‍. സെയ്‌ടൊണ്‍, ജബലിയ പ്രദേശത്ത് ആക്രമണത്തിനുള്ള അടിത്തറ പാകുന്നത് ആരംഭിച്ചെന്നും പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ് അനുമതി നല്‍കിയെന്നും സൈനിക വക്താവ് പറഞ്ഞു. സെപ്തംബര്‍ ആദ്യവാരത്തോടെ നീക്കം പൂര്‍ത്തീകരിക്കുമെന്നാണ് ഇസ്രയേല്‍ കാട്‌സിന്റെ പ്രതികരണം.
മേഖലയില്‍ അറുപതിനായിരത്തോളം സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കാനുള്ള നീക്കത്തിന് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാത്ത ഇസ്രായേലിനെ വിമര്‍ശിച്ച് ഹമാസ് രംഗത്തെത്തി. നിരപരാധികളായ സാധാരണക്കാര്‍ക്കെതിരായ ആക്രമണം തുടരുന്നതിനായി ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ തടസപ്പെടുത്തുന്നുവെന്ന് ഹമാസ് ആരോപിച്ചു.
ഗാസ സിറ്റി ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ പലസ്തീനികളോട് ഗാസ സിറ്റി ഒഴിയുന്നതിന് വേണ്ടി ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കലില്‍ ഇസ്രയേല്‍ ജനതയില്‍ നിന്നും സഖ്യ കക്ഷികളില്‍ നിന്നും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ തീരുമാനം രണ്ടിടത്തെയും ആളുകള്‍ക്ക് ദുരന്തമുണ്ടാക്കുമെന്നും പ്രദേശത്തെ ഒരു സ്ഥിരം യുദ്ധത്തിലേക്ക് തള്ളിവിടുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇതിനിടയിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ മാത്രം 81 പേരാണ് കൊല്ലപ്പെട്ടത്. പട്ടിണിയെ തുടര്‍ന്ന് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ പട്ടിണിമൂലം മാത്രം മരിച്ചത് 269 പേരാണ്. അതില്‍ 112ഉം കുട്ടികളാണ്.
Content Highlights: Israel has started the initial steps to take over Gaza City