സെലൻസ്‌കിയെ കാണാൻ തയ്യാറാണെന്ന് പുടിൻ ട്രംപിനോട് സമ്മതിച്ചു; വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം

dot image

വാഷിംഗ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ കാണാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഡോണൾഡ് ട്രംപിനോട് പറഞ്ഞതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. മൂന്ന് വർഷത്തെ യുദ്ധത്തിന് ശേഷം പുടിൻ സെലൻസ്‌കിയെ കാണാൻ തയ്യാറാണെന്നത് ഒരു വലിയ കാര്യമാണെന്നും റൂബിയോ പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം.

പുടിനും സെലൻസ്‌കിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയ്ക്കായി നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അത് വിജയിച്ചാൽ ട്രംപുമായി ചേർന്നുള്ള ഒരു ത്രികക്ഷി കൂടിക്കാഴ്ച ഉണ്ടാകുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഒരു കരാർ അന്തിമമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇതുവരെ അവിടെ എത്തിയിട്ടില്ല. പക്ഷേ ഞങ്ങൾ ലക്ഷ്യമിടുന്നത് അതാണ്. ഇന്ന് ചർച്ച ചെയ്ത കാര്യങ്ങളിലൊന്ന് ആ ഘട്ടത്തിലെത്തുക എന്നതാണെന്നും റൂബിയോ വ്യക്തമാക്കി.

ഒരുപക്ഷത്തിൻ്റെ ആവശ്യം 100 ശതമാനം നേടുമെന്ന പ്രതീക്ഷ യാഥാർത്ഥ്യബോധമില്ലാത്തതാണെന്നും ഇരു കക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു.

നേരത്തെ പുടിനും സെലൻസ്കിയും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചന ട്രംപും നൽകിയിരുന്നു. മീറ്റിംഗുകൾ അവസാനിച്ചപ്പോൾ ഞാൻ പ്രസിഡന്റ് പുടിനെ വിളിച്ചു. പ്രസിഡന്റ് പുടിനും പ്രസിഡന്റ് സെലൻസ്‌കിയും തമ്മിൽ ഒരു മീറ്റിംഗിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ആ മീറ്റിംഗ് നടന്നതിനുശേഷം രണ്ട് പ്രസിഡന്റുമാരും ഞാനും ഉൾപ്പെടുന്ന ഒരു ട്രൈലാറ്റ് നമുക്ക് ഉണ്ടാകും എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത്. റഷ്യയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകളെക്കുറിച്ച് താൻ ചർച്ച ചെയ്തതായും ട്രംപ് വ്യക്തമാക്കിയിരുന്നു.

നേരത്തെ യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ സമാധാന കരാ‍ർ സംബന്ധിച്ച് തീരുമാനമായില്ല. ഇതിന് പിന്നാലെ അമേരിക്ക-റഷ്യ-യുക്രെയ്ൻ ത്രികക്ഷിചർച്ചയ്ക്ക് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിടിച്ചെടുത്ത പ്രവിശ്യകൾ വിട്ടുകൊടുക്കുന്നതിൽ ഉൾപ്പെടെ തീരുമാനം ത്രികക്ഷി ചർച്ചയിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Vladimir Putin Ready For Direct Russia-Ukraine Talks Marco Rubio Confirms

dot image
To advertise here,contact us
dot image