
ബ്രസൽസ്സ്: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വീണ്ടും വീമ്പിളക്കി പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍. വെടിനിര്‍ത്തലിന് വേണ്ടി യാചിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി എന്നായിരുന്നു അസിം മുനീര്‍ വീമ്പിളക്കിയത്. ഇതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യസ്ഥനായെന്ന് അസിം മുനീര്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള പ്രവാസി സമൂഹത്തിന്റെ ബെല്‍ജിയത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കവെയായിരുന്നു അസിം മുനീര്‍ ഇത്തരത്തില്‍ വീമ്പിളക്കിയത്. ഓവര്‍സീസ് പാകിസ്താനി ഫൗണ്ടേഷന്‍ ആഗസ്റ്റ് 11ന് ബ്രസ്സല്‍സില്‍ നടത്തിയ സ്വകാര്യ യോഗത്തിലായിരുന്നു അസിം മുനീര്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. യൂറോപ്പിലുടനീളമുള്ള പാകിസ്താന്‍ പ്രവാസ സമൂഹത്തില്‍പ്പെട്ട 500ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ ഫോണുകളോ റെക്കോര്‍ഡിങ്ങ് ഡിവൈസുകളോ ഉപയോഗിക്കുന്നതില്‍ നിന്ന് അതിഥികള്‍ക്ക് വിലക്കുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
40 മിനിട്ടോളം നീണ്ട് നിന്ന സംസാരത്തില്‍ ഇന്ത്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി അസിം മുനീര്‍ അടിസ്ഥാനമില്ലാത്ത നിരവധി കാര്യങ്ങള്‍ പറഞ്ഞതായാണ് യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് പാകിസ്താന്‍ ഉചിതമായ മറുപടി നല്‍കിയെന്നും ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനങ്ങളെ പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തിയെന്നും അസിം മുനീര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍, കാനഡ, യുഎസ് എന്നിവിടങ്ങളില്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ വിവേകപൂര്‍വ്വം പിന്തുണയ്ക്കുന്ന ഇന്ത്യ ഭീകരതയെക്കുറിച്ചുള്ള തെറ്റായ ഇരവാദം വളരെക്കാലമായി പ്രചരിപ്പിക്കുകയാണെന്നും അസം മുനീര്‍ ആരോപിച്ചു. ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമൂഹം അധികാരത്തെ മാത്രമേ ബഹുമാനിക്കുന്നുള്ളൂ' എന്നും വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റ് മാര്‍ഗമില്ലെന്ന് പ്രഖ്യാപിച്ചതോടെ ട്രംപ് ഇടപെടേണ്ടിവന്നുവെന്നും മുനീര്‍ പറഞ്ഞിരുന്നു.
വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യ നല്‍കിയ വിശദീകരണത്തിന് നേര്‍വിപരീതമായ കാര്യങ്ങളാണ് അസിം മുനീര്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുണ്ടായ വെടിനിര്‍ത്തല്‍ ഡിജിഎംഒ ലെവലിലുള്ള ചര്‍ച്ചകളെ തുടര്‍ന്നായിരുന്നു നടപ്പിലായതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്ക ഇടപെട്ടില്ലെന്നും ഇന്ത്യ വ്യക്തത വരുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടെ മെയ് 10ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെ വിളിച്ച് വെടിനിര്‍ത്തല്‍ വേണമെന്ന പാകിസ്താന്റെ അഭ്യര്‍ത്ഥ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ബ്രഹ്‌മോസ്, എസ്‌സിഎഎല്‍പി മിസൈല്‍ എന്നിവ ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ നൂര്‍ ഖാന്‍ എയര്‍ബേസ് ആക്രമിച്ചതിന് പിന്നാലെയായിരുന്നു മാര്‍ക്കോ റൂബിയോ പാകിസ്താന്റെ ആവശ്യവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ചതെന്നായിരുന്നു ഇന്ത്യ വ്യക്തമാക്കിയിരുന്നത്. പാകിസ്താന്‍ ഗൗരവമായാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നതെങ്കില്‍ പാകിസ്താന്‍ ഡിജിഎംഒ വഴി നിലനില്‍ക്കുന്ന കൃത്യമായ വഴിയിലൂടെ അതിനായി ശ്രമിക്കണമെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിക്ക് ജയ്ശങ്കര്‍ നല്‍കിയ മറുപടി.
ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നേരത്തെയും അസിം മുനീര്‍ വീമ്പിളക്കിയിരുന്നു. നേരത്തെ വാഷിംഗ്ടണ്‍ സന്ദര്‍ശന സമയത്ത് പാകിസ്താനി പ്രവാസി സമൂഹത്തിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മുനീറിന്റെ പ്രതികരണങ്ങള്‍. 'സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണെന്നും എന്നിട്ടുവേണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്നും അസിം മുനീര്‍ പറഞ്ഞിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും അസിം മുനീര്‍ പറഞ്ഞിരുന്നു.
'പാകിസ്താന്‍ ആണവരാഷ്ട്രമാണ്. പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാഗത്തേയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും. ഞങ്ങളുടെ നിലനില്‍പിനെ ബാധിക്കുകയാണെങ്കില്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിവിടാനും മടിക്കില്ല' എന്നും അസിം മുനീര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Pakistan Army chief General Asim Munir says India begged for ceasefire and Trump intervention