ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പലസ്തീനെ അംഗീകരിക്കുമെന്ന് കാനഡയും; നിലപാട് തള്ളി ഇസ്രയേൽ

തെരഞ്ഞെടുപ്പ് 2026 നടത്താമെന്നും ഈ തെരഞ്ഞെടുപ്പിൽ ഹമാസിന് ഒരു പങ്കാളിത്തവും ഉണ്ടാകില്ലെന്നും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മുഹമ്മദ് അബ്ബാസ് ഉറപ്പ് നൽകിയെന്ന് കാർണി വ്യക്തമാക്കി

dot image

ഒട്ടാവ: സെപ്റ്റംബറിൽ പലസ്തീനെ അം​ഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്ര സമിതിയുടെ 80-ാമത് ജനറൽ അസംബ്ലിയിൽ പലസ്തീനെ അം​ഗീകരിക്കാൻ ഉദ്ദേശിക്കുന്നതായാണ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേൽ എന്ന രാഷ്ട്രത്തിനൊപ്പം സമാധാനത്തിലും സുരക്ഷയിലും ജീവിക്കുന്ന സ്വതന്ത്രവും, പ്രായോഗികവും, പരമാധികാരവുമുള്ള പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണെന്നും കാർണി വ്യക്തമാക്കി.

പലസ്തീൻ അതോറിറ്റി വളരെ അത്യാവശ്യമായ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ പ്രതിജ്ഞാബദ്ധമായതിനാലാണ് കാനഡ പലസ്തീനെ അംഗീകരിക്കാൻ തീരുമാനം എടുത്തതെന്നായിരുന്നു കാർണിയുടെ വിശദീകരണം. ​ഗാസയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് 2026 നടത്താമെന്നും ഈ തെരഞ്ഞെടുപ്പിൽ ഹമാസിന് ഒരു പങ്കാളിത്തവും ഉണ്ടാകില്ലെന്നും പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മുഹമ്മദ് അബ്ബാസ് ഉറപ്പ് നൽകിയെന്നും കാർണി വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രത്തെ ഒരിക്കലും സൈനിക വത്കരിക്കില്ലെന്ന് അബ്ബാസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാർണി കൂട്ടിച്ചേർത്തു.

മധ്യപൂർവ്വേഷ്യയിലെ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ ഇസ്രയേലിൻ്റെ നിലനിൽപ്പിനെ പിന്തുണയ്ക്കുമെന്നും കാർണി വ്യക്തമാക്കി. ഇസ്രയേലിന് ശാശ്വത സമാധാനം കൈവരിക്കുന്നതിനായി പ്രായോഗികവും സുസ്ഥിരവുമായ ഒരു പലസ്തീൻ രാഷ്ട്രം ആവശ്യമാണെന്നും അതോടൊപ്പം ഇസ്രായേലിന്റെ അനിഷേധ്യമായ സുരക്ഷയ്ക്കുള്ള അവകാശം അംഗീകരിക്കപ്പെടണമെന്നും കാർണി ആവശ്യപ്പെട്ടു. ഒട്ടാവയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി നിലപാട് വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രി അനിത ആനന്ദും കാർണിക്കൊപ്പമുണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായി ചൊവ്വാഴ്ച നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് കാനഡയെ അം​ഗീകരിക്കുമെന്ന നിലപാടുമായി കാനേഡിയൻ പ്രധാനമന്ത്രി ബുധനാഴ്ച രം​ഗത്ത് വന്നത്.

എന്നാൽ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം കാനഡയെ തള്ളി രം​ഗത്തെത്തി. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് കാനഡയുടെ ആവശ്യം ഇസ്രയേൽ തള്ളിയത്. കാനഡയുടെ ആവശ്യം ഹമാസിനുള്ള സമ്മാനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇസ്രയേലിൻ്റെ നിലപാട്. ഈ സമയത്ത് കനേഡിയൻ സർക്കാരിൻ്റെ നിലപാട് മാറ്റം ഹമാസിനുള്ള സമ്മാനമാണ്. ഇത് ​ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്കും ബന്ദികളെ മോചിപ്പിക്കാനുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിനും തടസ്സമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.

ഇസ്രയേലിനെതിരായ അന്താരാഷ്ട്ര സമ്മർദ്ദത്തിന്റെ വികലമായ പ്രചാരണത്തിന് വഴങ്ങില്ലെന്ന് കാനഡയിലെ ഇസ്രായേൽ അംബാസഡർ ഇദ്ദോ മോയിദ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. 'നമ്മുടെ പൂർവ്വിക മാതൃരാജ്യത്ത് നമ്മുടെ ഉന്മൂലനം ആഗ്രഹിക്കുന്ന ഒരു ജിഹാദിസ്റ്റ് രാഷ്ട്രത്തെ അടിച്ചേൽപ്പിക്കുന്നത് അനുവദിച്ചുകൊണ്ട് ഞങ്ങൾ നമ്മുടെ നിലനിൽപ്പ് തന്നെ ത്യജിക്കില്ല' എന്നായിരുന്നു ഇദ്ദോ മോയിദ് എക്സിൽ കുറിച്ചത്.

മാനുഷിക സഹായം പോലും തടയുന്ന ഇസ്രയേലിൻ്റെ ഉപരോധത്തെ തുടർന്ന് ​ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന പട്ടിണിയും ദുരിതവും വാർത്തയാകുന്ന പശ്ചാത്തലത്തിലാണ് ഫ്രാൻസിനും ബ്രിട്ടനും പിന്നാലെ പലസ്തീനെ അം​ഗീകരിക്കുമെന്ന പ്രഖ്യാപനവുമായി കാനഡയും രം​ഗത്ത് വന്നിരിക്കുന്നത്. നേരത്തെ ഇസ്രയേലും അമേരിക്കയും ഫ്രാൻസിൻ്റെയും ബ്രിട്ടൻ്റെ നിലപാടുകളെ കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Canada intends to recognize Palestinian state in September

dot image
To advertise here,contact us
dot image