
വാഷിംങ്ടൺ: ഇന്ത്യക്ക് 25 ശതമാനം താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. വർഷങ്ങളായി വ്യാപാര ബന്ധം തുടരുന്നുണ്ടെങ്കിലും ഈയിടെയായി ഇന്ത്യയുമായി താരതമ്യേന ചെറിയ ബിസിനസ്സ് മാത്രമേ യുഎസ് ചെയ്തിട്ടുള്ളൂ. കാരണം, ഇന്ത്യയുടെ താരിഫുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്ന് കുറ്റപ്പെടുത്തിയ പ്രസിഡന്റ് ഇന്ത്യ നമ്മുടെ സുഹൃത്താണെന്നും കുറിച്ചു.
സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇന്ത്യ വാങ്ങുന്നതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. റഷ്യ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകം ആഗ്രഹിക്കുന്ന സമയമാണിത്. എല്ലാം നന്നായല്ല പോകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് 25% താരിഫും അധിക പിഴയും ചുമത്തുന്നു. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ഇന്ത്യക്ക് ഉയർന്ന താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് നേരത്തെ രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ സ്‌കോട്ട്‌ലന്‍ഡിലെ തൻ്റെ ഗോൾഫ് കോഴ്‌സിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയുമായി ചർച്ചകൾ മുറയ്ക്ക് നടന്നുവരികയാണെന്നും എന്നാൽ ഒരു തീരുമാനമെടുക്കാൻ സാധിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ അമേരിക്കയുടെ ഉറ്റ സുഹൃത്താണ്. എന്നാൽ മറ്റ് രാജ്യങ്ങളെക്കാളും ഇന്ത്യയാണ് ഏറ്റവും ഉയർന്ന താരിഫ് ചുമത്തിയിട്ടുള്ളത് എന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനിടെ തന്റെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യ പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിച്ചതെന്ന വാദം ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു.
നിലവിൽ വ്യാപാരകരാറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അമേരിക്കയുമായി സജീവ ചർച്ചകൾ നടത്തിവരികയാണ്. ഏത് നിമിഷവും ട്രംപിന്റെ ഉയർന്ന താരിഫുകൾ കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നുണ്ട് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നത്. ഓഗസ്റ്റ് പകുതിയോടെ യുഎസ് സംഘം ഇന്ത്യയിലെത്തുന്നുണ്ട്. അപ്പോൾ കരാറിൽ ഒരു ധാരണയിലെത്താമെന്നാണ് ഇരുഭാഗത്തിന്റെയും കണക്കുകൂട്ടൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ അഞ്ച് തവണയോളം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഇരു ഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു കരാർ ഉണ്ടാകേണ്ടതാണ് അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് വിവരം.
അതേസമയം, ഇന്ത്യക്ക് പുറമെ മറ്റ് ലോകരാജ്യങ്ങൾക്കെതിരെയും മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ശതമാനം നികുതിക്ക് പകരം 15-20 ശതമാനമായി നികുതി നൽകേണ്ടിവരുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എല്ലാവരുമായി രമ്യതയിൽ പോകാനാണ് തനിക്ക് ഇഷ്ടമെന്നും അമേരിക്കയുമായി ബിസിനസ് ചെയ്യാൻ താത്പര്യമില്ലാത്തവർക്കുള്ള നികുതിയാണിതെന്നുമാണ് ട്രംപ് പറഞ്ഞത്.
Content Highlights: Trump has imposed a 25 percent tariff on India