ജനസംഖ്യ കുറയുന്നു; കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് ധനസഹായവുമായി ചൈന

തിങ്കളാഴ്ചയാണ് ചൈനീസ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്

dot image

ബെയ്ജിങ്: ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി ചൈനീസ് സർക്കാർ. കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് രാജ്യം. ഓരോ കുട്ടിക്കും 3600 യുവാൻ അതായത് 43,500 രൂപ വീതം വാർഷിക ധനസഹായമായി നൽകും. കുട്ടിക്ക് മൂന്നുവയസ് തികയുംവരെ ഈ സഹായം രക്ഷിതാക്കൾക്ക് ലഭിക്കും. പുതിയ പദ്ധതി ഏകദേശം 20 ദശലക്ഷം രക്ഷിതാക്കൾക്ക് ഗുണം ചെയ്യുമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. തിങ്കളാഴ്ചയാണ് ചൈനീസ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.

കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം എന്നിവ നിരവധി ചൈനീസ് യുവജനതയെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 2023 മുതലിങ്ങോട്ട് രാജ്യത്തെ ജനസംഖ്യ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

ജനനനിരക്ക് വർധിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പുതിയ ശ്രമം ഉടൻതന്നെ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. 2022-നും 2024-നും ഇടയിൽ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം.

ചൈനീസ് പാർലമെന്റിന്റെ വാർഷിക യോഗത്തിൽ ജനനനിരക്ക് വർധിപ്പിക്കുന്നതിനായി ചൈൽഡ്കെയർ സബ്‌സിഡിയും സൗജന്യ പ്രീസ്‌കൂൾ വിദ്യാഭ്യാസവും പ്രധാനമന്ത്രി ലി ക്വിയാങ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന തുക വളരെ ചെറുതാണെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിലെ സാമ്പത്തിക വിദഗ്ധനായ സിചുൻ ഹുവാങ് പറയുന്നത്. പതിറ്റാണ്ടുകളായി തുടർന്നുവന്നിരുന്ന ഒറ്റക്കുട്ടിനയം ജനനനിരക്ക് കുറയുന്ന പശ്ചാത്തലത്തിൽ ചൈന നിർത്തലാക്കിയിരുന്നു.

Content Highlights: China to offer annual baby subsidy to boost declining birth rate

dot image
To advertise here,contact us
dot image