നയതന്ത്ര ആശയവിനിമയം സോഷ്യൽ മീഡിയയിൽ!; സുഹൃത്തുക്കളായ ദക്ഷിണകൊറിയയ്ക്കും ജപ്പാനും ട്രംപിൻ്റെ 'താരിഫ് ചെക്ക്'

താരിഫ് നിരക്ക് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള കത്തുകളും താമസിയാതെ ട്രംപ് ഭരണകൂടം പുറത്തിറക്കിയേക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്

dot image

വാഷിംഗ്ടൺ: 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പരസ്പര താരിഫ് നിരക്കുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഏഷ്യയിലെ പ്രധാന സഖ്യകക്ഷികളായ ദക്ഷിണകൊറിയ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അയച്ച കത്തുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. നേരത്തെ പന്ത്രണ്ട് രാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കുമെന്ന് ദിവസേനയയുള്ള വാർത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദേശരാജ്യങ്ങൾക്ക് ഔദ്യോ​ഗികമായി കൈമറേണ്ട നയതന്ത്ര ആശയവിനിമയ സന്ദേശങ്ങൾ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുക എന്ന രീതയാണ് വ്യാപാര തീരുവ ഉയർത്തുന്നതിനായി നൽകിയ കത്തുകളുടെ കാര്യത്തിലും ട്രംപ് ആവർത്തിച്ചിരിക്കുന്നത്.

പരസ്പര താരിഫ വിവരം അറിയിച്ചുകൊണ്ട് വിവിധ വ്യാപാര പങ്കാളികൾക്ക് അമേരിക്കൻ ഭരണകൂടം അയച്ച കത്തുകളാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പുറത്ത് വിട്ടത്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മേൽ അമേരിക്ക 25% താരിഫ് നിരക്ക് ഏർപ്പെടുത്തുമെന്ന് വെളിപ്പെടുത്തുന്ന രണ്ട് കത്തുകളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലൂടെ ട്രംപ് ആദ്യം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ മ്യാൻമർ, ലാവോസ്, തായ്‌ലൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ടുണീഷ്യ, മലേഷ്യ, സെർബിയ, കംബോഡിയ, ബോസ്നിയ & ഹെർസഗോവിന എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾക്കുള്ള താരിഫ് സംബന്ധിച്ച കത്തുകളും അമേരിക്കൻ പ്രസിഡൻ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. താരിഫ് നിരക്ക് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള കത്തുകളും താമസിയാതെ ട്രംപ് ഭരണകൂടം പുറത്തിറക്കിയേക്കുമെന്നും റിപ്പോ‍ർട്ടുകളുണ്ട്.

ഞായറാഴ്ചയ്ക്കകം കരാറുകൾ ഉണ്ടാക്കിയില്ലെങ്കിൽ ഇറക്കുമതി തീരുവയിൽ അമേരിക്ക ഏപ്രിലിൽ പ്രഖ്യാപിച്ച ഉയർന്ന നിരക്കുകളിലേയ്ക്ക് മാറുമെന്ന് വ്യാപാര പങ്കാളികൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുമ്പായി ഒന്നിലധികം രാജ്യങ്ങൾക്ക് പ്രാരംഭ കത്തുകൾ നൽകുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, മലേഷ്യ, ലാവോസ്, മ്യാൻമർ എന്നീ ഏഴ് രാജ്യങ്ങൾക്കുള്ള താരിഫ് സംബന്ധിച്ച കത്തുകൾ ഇതുവരെ ട്രൂത്ത് സോഷ്യൽ മീഡിയയിൽ ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും രാഷ്ട്രത്തലവന്മാരുമായി നടത്തിയ ആശയവിനിമയത്തിൽ ഓഗസ്റ്റ് 1 മുതൽ താരിഫ് നടപ്പാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംഗ്ടണുമായുള്ള അവരുടെ വ്യാപാര ബന്ധം 'നിർഭാഗ്യവശാൽ, പരസ്പരമുള്ളതല്ല' എന്നും കത്തിൽ ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 മുതൽ, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ജാപ്പനീസ് ഉൽപ്പന്നങ്ങൾക്കും 25% താരിഫ് അമേരിക്ക ഈടാക്കുമെന്നാണ് ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന് അയച്ച കത്തിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

പരസ്പര താരിഫ് വർദ്ധനവിനെതിരെ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ട്രംപ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ രാജ്യങ്ങളുടെ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ് വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന അധിക ഇറക്കുമതി തീരുവകൾ ചുമത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. "ഏതെങ്കിലും കാരണത്താൽ താരിഫ് ഉയർത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ അവ ഉയർത്താൻ തിരഞ്ഞെടുക്കുന്ന സംഖ്യ എത്രയായാലും, ഞങ്ങൾ ഈടാക്കുന്ന 25% ലേക്ക് ചേർക്കും എന്നായിരുന്നു ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങിനും എഴുതിയ കത്തുകളിൽ ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മ്യാൻമർ, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം സമാനമായ കത്തുകൾ നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങൾ അവരുടെ വ്യാപാര നയങ്ങൾ പരിഷ്കരിച്ചാൽ ഈ താരിഫ് കുറയ്ക്കാൻ തയ്യാറാണെന്ന വിവരവും കത്തിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ രാജ്യങ്ങൾക്ക് ആ​ഗസ്റ്റ് 1 മുതൽ ഏ‍ർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന താരിഫ് നിരക്കുകൾ

  • സൗത്ത് കൊറിയ- 25%
  • ജപ്പാൻ- 25%
  • മ്യാൻമാർ-40%
  • ലാവോസ്-40%
  • സൗത്ത് ആഫ്രിക്ക-30%
  • കസാഖിസ്ഥാൻ- 25%
  • മലേഷ്യ-25%
  • ടുണീഷ്യ-25%
  • ബോസ്നിയ & ഹെർസ​ഗോവിന- 30%
  • ഇന്ത്യോനേഷ്യ-32%
  • ബം​ഗ്ലാദേശ്-35%
  • സെർബിയ-35%
  • കംബോഡിയ-36%
  • തായ്‌ലന്‍ഡ്‌-36%

Content Highlights: Donald Trump on Monday released letters sent by his administration to various trading partners

dot image
To advertise here,contact us
dot image