

മോസ്കോ: റഷ്യയുടെ മുൻ മന്ത്രി മരിച്ച നിലയിൽ. മുൻ ഗതാഗതമന്ത്രി റൊമാന്‍ സ്റ്ററോവോയിറ്റി(53) നെയാണ് കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സ്റ്ററോവോയിറ്റ് തന്റെ സ്വന്തം കാറിനുള്ളില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ റൊമാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം നടന്ന് കൊണ്ടിരിക്കവെ ഡ്രോൺ ആക്രമണ ഭീഷണി നിലനിന്നിരുന്നു. ഇതിനെ തുടർന്ന് ജൂലൈ അഞ്ച്, ആറ് തീയതികളിൽ നൂറുകണക്കിന് റഷ്യൻ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. തുടർന്ന് യാത്ര ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്ന പേരിലാണ് റൊമാന്‍ സ്റ്ററോവോയിറ്റിനെ തൽസ്ഥാനത്ത് നിന്ന് പുടിൻ നീക്കം ചെയ്തത് എന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 മെയ് മുതൽ റഷ്യയുടെ ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. മന്ത്രിപദത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയായതിന് മുന്നേ തന്നെ അദ്ദേഹത്തിന് പദവി നഷ്ടമായി. ഗതാഗത മന്ത്രിയായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് അഞ്ചുവര്‍ഷത്തോളം കുര്‍സ്‌കിലെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നുവെന്നുളള ഉത്തരവ് പുടിന്റെ റഷ്യയുടെ ലീഗല്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ ഉണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല എന്നുളള വാർത്തകളും പുറത്തെത്തുന്നുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Russia's ex-Transport Minister found dead hours after Putin fires him