
ഗാസ: ഇസ്രായേലുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ്. ബന്ദികളെ മോചിപ്പിക്കാനുമുള്ള നിർദ്ദേശത്തോടും അനുകൂല നിലപാടാണ് ഹമാസ് അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനോടും ഖത്തറിനോടുമാണ് ഹമാസ് ഇക്കാര്യം അറിയിച്ചത്.
60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കാൻ ഹമാസ് അറിയിച്ചുവെന്ന് ഇസ്രയേലിന്റെ പ്രധാന മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കുമെന്നും പത്ത് തടവുകാരെയും 18 മൃതദേഹവും വിട്ടുനൽകാമെന്ന് ഹമാസ് വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്.
ഗാസയിൽ സൈനിക ആക്രമണം അവസാനിപ്പിക്കണമെന്നും സഹായം അനുവദിക്കണമെന്നുമുള്ള ആവശ്യത്തോട് വ്യക്തമായ പ്രതികരണം ഇസ്രയേൽ നൽകിയിട്ടില്ല. ഹമാസിന്റെ നിർദ്ദേശത്തെക്കുറിച്ചുള്ള പ്രതികരണം നിലവിൽ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ആയിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇസ്രയേൽ തന്നെയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
60 ദിവസത്തെ വെടിനിർത്തൽ കൂടാതെ പൂർണമായ വെടിനിർത്തൽ സംബന്ധിച്ച കാര്യത്തിലും ഹമാസ് വ്യക്തത വരുത്തണണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായവർ നിർദേശിച്ചു. മധ്യസ്ഥരുടെ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള ചർച്ചകളെ പറ്റി ഹമാസ് ആലോചിക്കുന്നുണ്ട്. ബന്ദികളാക്കിയവരെ മോചിപ്പിച്ചതരാക്കിയതിന് ശേഷം ഇസ്രയേൽ ആക്രമണം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് വേണമെന്ന് ഇസ്ലാമിക് ജിഹാദ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഗാസയ്‌ക്കെതിരായ ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 550-ലധികം മുൻ ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ട്രംപിന് കത്ത് അയച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപും തമ്മിലുളള കൂടിക്കാഴ്ച നടക്കാൻ ഇരിക്കവെയാണ് ഈ വാർത്ത പുറത്തെത്തുന്നത്. ഇസ്രയേൽ സൈന്യം വളരെക്കാലമായി ഹമാസ് ഭരണം തകർക്കാനും സൈനിക ശേഷി നശിപ്പിക്കാനും ശ്രമിക്കുന്നു. അത് ഞങ്ങളുടെ വിധിയാണെന്ന് മുൻ സൈനികൻ മാതൻ വിൽനൈ കത്തിൽ കുറിച്ചിട്ടുണ്ട്. ഇനി ഇസ്രയേലിന് മേൽ ഹമാസ് തന്ത്രപരമായ ഭീഷണി ഉയർത്തില്ല. ഭാവിയിൽ ഗാസയിൽ നിന്ന് ഉണ്ടാകാവുന്ന ഏത് ഭീഷണിയെയും നിർവീര്യമാക്കാനുള്ള ശക്തിയും കഴിവും ഇസ്രയേലിനുണ്ടെന്ന് വിൽനൈ കൂട്ടിച്ചേർത്തു. ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കിൽ ബന്ദികളുടെ ജീവൻ അപകടത്തിലാകും. നിരപരാധികളായ പലസ്തീനികളുടെ ദുരിതം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന വെളിപ്പെടുത്തലുമായി ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അറുപത് ദിവസത്തേയ്ക്കുള്ള വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയത്. അത്യാവശ്യമായ ധാരണകൾക്ക് ഇസ്രയേൽ സമ്മതിച്ചുവെന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരുന്നു. താൽക്കാലിക വെടിനിർത്തലിന് ഹമാസ് സമ്മതിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചിരുന്നു. അറുപത് ദിവസത്തെ വെടിനിർത്തൽ കരാറിനിടെ യുദ്ധത്തിൽ പങ്കാളികളായവരുമായി ശ്വാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈജിപ്തും ഖത്തറും സമാധാനം കൈവരിക്കുന്നതിനായി ഏറെ പ്രയത്നിച്ചെന്നും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൻ്റെ അന്തിമധാരണ തയ്യാറാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞിരുന്നു. മധ്യപൂർവ്വേഷ്യയുടെ നല്ലതിനായി ഈ കരാറിനോട് ഹമാസ് അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ ഖത്തറിൻ്റെ ഉദ്യോഗസ്ഥർ ഹമാസിനും ഇസ്രയേലിനും നൽകിയിരുന്നു. ഇസ്രയേലിൻ്റെ തന്ത്രപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രി റോൺ ഡെർമർ വാഷിംഗ്ടൺ സന്ദർശിച്ച അതേ ദിവസം തന്നെയായിരുന്നു ഖത്തർ ധാരണകൾ കൈമാറിയതെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കായാണ് റോൺ ഡെർമർ വാഷിംഗ്ടണിലെത്തിയത്. നേരത്തെ ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കുന്നതിനായും ഇടപെടൽ നടത്തിയത് ഖത്തറായിരുന്നു. നേരത്തെ വെടിനിർത്തലിനായി അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ഹമാസ് തള്ളിക്കളഞ്ഞിരുന്നു.
നേരത്തെ ഉയർന്ന വെടിനിർത്തൽ കരാറിൽ ഹമാസ് ചൂണ്ടിക്കാണിച്ചിരുന്ന വിഷയങ്ങൾ കൂടി പരിഗണിച്ചാണ് ഖത്തർ പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വെടിനിർത്തൽ കാലയളവിൽ ഇസ്രയേലിലെ പലസ്തീനി തടവുകാരെ വിട്ടയയ്ക്കുന്നതിന് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ ഹമാസും വിട്ടയയ്ക്കുമെന്ന ധാരണ കരാറിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനെ പൂർണമായും ഇല്ലാതെയാക്കുമെന്നും, ഇനി ഹമാസ്ഥാൻ ഉണ്ടാകില്ലെന്നും അതിൽ നിന്ന് ഇസ്രയേൽ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു. 'അവർ തീർന്നു. അവർ ബന്ദികളാക്കിവെച്ച നമ്മുടെ പൗരന്മാരെ നമ്മൾ മോചിപ്പിക്കും. അവരുടെ അടിവേരറുക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Content Highlights: Hamas Says They are Ready for Ceasefire Talks With Israel