
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനിയെ വീണ്ടും വിമർശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ന്യൂയോർക്കിനെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ട്രംപിൻ്റെ വിമർശനം. അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി വ്യാഴാഴ്ച ഐയോവയിൽ നടന്ന റാലിയിൽ സംസാരിക്കവെ ആയിരുന്നു ട്രംപിന്റെ പരാമർശം. താൻ ന്യൂയോർക്കിനെ സ്നേഹിക്കുന്ന വ്യക്തിയാണെന്നും ന്യൂയോർക്കിനെ തകർക്കാൻ മംദാനിയെ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ന്യൂയോർക്കിനെ തകർക്കാൻ അനുവദിക്കരുതെന്നും ട്രംപ് റാലിയിൽ ആവശ്യപ്പെട്ടു.
250-ാം വാർഷികത്തിൽ രാജ്യത്തെ മാർക്സിസ്റ്റ് ഭ്രാന്തൻമാർക്ക് അടിയറവെയ്ക്കാൻ വേണ്ടിയല്ല നമ്മുടെ മുൻതലമുറ രക്തം ചിന്തിയത്. ന്യൂയോർക്ക് നഗരം ഉൾപ്പെടെ അമേരിക്ക, ഒരിക്കലും ഒരു തരത്തിലും രൂപത്തിലും കമ്മ്യൂണിസ്റ്റ് ആകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രഖ്യാപിക്കുന്നു എന്നും ട്രംപ് റാലിയിൽ വ്യക്തമാക്കി.അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകാൻ പോകുന്നില്ല. പ്രസിഡന്റ് എന്ന നിലയിൽ ഞാൻ അത് അനുവദിക്കുകയുമില്ല. എന്നെ സംബന്ധിച്ച് അമേരിക്ക എന്നാൽ അതിൽ ന്യൂയോർക്ക് നഗരവും ഉൾപ്പെടുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മംദാനിയെ വിമർശിച്ച് ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു. ന്യൂയോര്‍ക്കില്‍ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്ന ഐസിഇ ഉദ്യോഗസ്ഥരുമായി സഹകരിക്കില്ലെന്ന് മംദാനി പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വിമർശനം. 'ഞങ്ങള്‍ അവനെ അറസ്റ്റ് ചെയ്യും. ഈ രാജ്യത്ത് നമുക്ക് കമ്യൂണിസ്റ്റിനെ ആവശ്യമില്ല. അങ്ങനെയുണ്ടെങ്കില്‍ രാജ്യത്തിന് വേണ്ടി അവരെ സൂക്ഷ്മമായി നിരീക്ഷിക്കും', എന്ന് ട്രംപ് പറഞ്ഞിരുന്നു. മംദാനിയും ട്രംപിന്റെ ഭീഷണിക്ക് മറുപടി നൽകിയിരുന്നു. ട്രംപിന്റെ ഭീഷണി അംഗീകരിക്കില്ലെന്നയിരുന്നു അദ്ദേഹത്തിന്റ മറുപടി. ട്രംപിന്റെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള ആക്രമണം മാത്രമല്ലെന്നും നിഴലുകളില്‍ ഒളിക്കാന്‍ താല്‍പര്യമില്ലാത്ത ഓരോ ന്യൂയോര്‍ക്ക് നിവാസികള്‍ക്കും എതിരെയുള്ള സന്ദേശമാണെന്ന് മംദാനി എക്‌സില്‍ കുറിച്ചിരുന്നു.
നിങ്ങള്‍ ശബ്ദിച്ചാൽ അവര്‍ നിങ്ങളെ തേടി പിന്നാലെ വരുമെന്നും മംദാനി പറഞ്ഞിരുന്നു. ' അമേരിക്കന്‍ പ്രസിഡന്റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും പൗരത്വം എടുത്തുകളയുമെന്നും തടങ്കല്‍ പാളയത്തില്‍ അടക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തി. ഏതെങ്കിലും നിയമം ലംഘിച്ചതിനല്ല ഈ ഭീഷണി, മറിച്ച് നമ്മുടെ നഗരത്തെ ഭയപ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ (ഐസിഇ) അനുവദിക്കില്ലെന്ന് പറഞ്ഞതിനാണെന്നും മംദാനി കുറിച്ചിരുന്നു. സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദമിനെ ട്രംപ് പ്രശംസിച്ചതിനെതിരെയും മംദാനി പ്രതികരിച്ചിരുന്നു. ട്രംപിന്റെ പിന്തുണയില്‍ അതിശയമൊന്നുമില്ലെന്നും ഈ മേയറുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'റിപ്പബ്ലിക്കന്മാര്‍ സാമൂഹ്യ സുരക്ഷാ വലയം തകര്‍ക്കാനും ദശലക്ഷക്കണക്കിന് ന്യൂയോര്‍ക്ക് നിവാസികളെ ആരോഗ്യസംരക്ഷണത്തില്‍ നിന്ന് പുറത്താക്കുവാനും തൊഴിലാളി കുടുംബങ്ങളുടെ ചെലവില്‍ അവരുടെ കോടീശ്വരന്മാരായ ദാതാക്കന്മാരെ സമ്പന്നരാക്കുകയും ചെയ്യുകയാണ്. ഈ സമയത്താണ് പ്രസിഡന്റിന്റെ അപകീർത്തികരമായ വിഭജനവും വെറുപ്പും എറിക്കിൽ പ്രധ്വനിക്കുന്നത്', മംദാനി പറഞ്ഞു. നവംബറില്‍ വോട്ടര്‍മാര്‍ ഇയാളെ നിരസിക്കുമെന്ന് മംദാനി കൂട്ടിച്ചേര്‍ത്തു.
Content Highlights: Trump Slams Communist NYC Mayoral Candidate Mamdani