

ഒമാന്റെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വാഹനങ്ങൾ അലങ്കരിക്കുന്നതിന് റോയൽ ഒമാൻ പൊലീസ് (ROP) അനുമതി നൽകി. നവംബർ ഒന്ന് മുതൽ നവംബർ 30 വരെയാണ് അനുമതി. ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ ദേശീയദിന സന്ദേശങ്ങളും ചിത്രങ്ങളും പതിക്കാൻ അനുവാദമുണ്ടെങ്കിലും റോഡ് സുരക്ഷയും ഗതാഗത നിബന്ധനകളും ഉറപ്പുവരുത്തുന്നതിനായി കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.
ദേശീയദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനുയോജ്യമായ വാചകങ്ങളും മാത്രമാണ് സ്റ്റിക്കറുകളിൽ ഉൾപ്പെടുത്താൻ അനുമതിയുള്ളത്. ഇവ വാഹനത്തിൽ നിന്ന് അടർന്നു വീഴാത്ത വിധം സുരക്ഷിതമായി ഉറപ്പിച്ചിരിക്കണം. വാഹനത്തിന്റെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ അലങ്കാരങ്ങൾ പാടില്ല. എന്നാൽ പിൻവശത്തെ ഗ്ലാസിൽ ഡ്രൈവറുടെ കാഴ്ച തടസ്സപ്പെടുത്താത്ത വിധത്തിൽ അലങ്കാരങ്ങൾ ഒരുക്കാവുന്നതാണ്. ഫോർ വീൽ വാഹനങ്ങളുടെ ബോഡി ഭാഗങ്ങളിലാണ് പ്രധാനമായും ഇത്തരം സ്റ്റിക്കറുകൾ ഒട്ടിക്കാൻ അനുമതിയുള്ളത്.
അതേസമയം, ചില പ്രധാന വിലക്കുകളും ആർഒപി ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാന്റെ ഔദ്യോഗിക ചിഹ്നമായ ഖഞ്ചർ, കിരീടം എന്നിവയുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. കൂടാതെ, വാഹനത്തിന്റെ യഥാർത്ഥ നിറം പൂർണ്ണമായി മറയ്ക്കുന്ന രീതിയിലോ രൂപമാറ്റം വരുത്തുന്ന രീതിയിലോ അലങ്കാരങ്ങൾ ചെയ്യരുത്. മറ്റ് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ ഭീഷണിയാകുന്ന രീതിയിലുള്ള ഒരു അലങ്കാരവും അനുവദിക്കില്ലെന്നും നിർദ്ദേശിച്ച സമയപരിധി കഴിഞ്ഞാലുടൻ ഇവ മാറ്റേണ്ടതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Content Highlights: Oman allows National Day vehicle decorations from November 1 to 30, 2026, subject to Royal Oman Police rules on stickers, windows and road safety.