'ആളുകൾ ഇങ്ങനെയാണോ , അതെ ദുഷ്ടരാണെന്ന് ലോകേഷ് പറഞ്ഞു', കൂലിയിൽ നാഗാർജുന വില്ലൻ തന്നെ, സ്ഥിരീകരിച്ച് താരം

കൂലിയിൽ ഞാൻ സ്ത്രീകളോട് പെരുമാറുന്ന രീതി മാറി. വില്ലൻ വേഷം ആയാൽ പോലും, ലോകേഷിൻറെ അവതരണത്തിൽ ഞാൻ ആകർഷകമാണെന്ന് എല്ലാവരും പറഞ്ഞു

dot image

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ കൂലിയെക്കുറിച്ച് നടൻ നാഗാർജുന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിൽ താൻ വില്ലൻ വേഷമാകും ചെയ്യുക എന്ന സൂചനയാണ് നാഗാർജുന നൽകിയിരിക്കുന്നത്.

സ്ത്രീകളോടുള്ള തന്റെ പെരുമാറ്റ രീതി സിനിമയിൽ വ്യത്യസ്തമാണെന്നും ആളുകൾ ഇങ്ങനെ ആണോ പെരുമാറുന്നത് എന്ന് താൻ ലോകേഷിനോട് ചോദിച്ചപ്പോൾ അതെ ആളുകൾ ദുഷ്ടരാണ് എന്നാണ് മറുപടി നൽകിയതെന്നും നാഗാർജുന പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആളുകൾ ഇങ്ങനെയാണോ പെരുമാറുന്നത് എന്ന് ഞാൻ ലോകേഷിനോട് ചോദിച്ചു, 'അതെ, ആളുകൾ ദുഷ്ടരാണ്' എന്ന് അദ്ദേഹം പറഞ്ഞു. കൂലിയിൽ ഞാൻ സ്ത്രീകളോട് പെരുമാറുന്ന രീതി മാറി. വില്ലൻ വേഷം ആയാൽ പോലും, ലോകേഷ് എന്നെ അവതരിപ്പിക്കുന്ന രീതിയില്‍ എനിക്ക് കൂടുതല്‍ ആകര്‍ഷണം വന്നെന്നാണ് ആളുകള്‍ പറയുന്നത്. എന്നും നാഗാർജുന പറഞ്ഞു.

ധനുഷിനൊപ്പം അഭിനയിക്കുന്ന കുബേരയുടെയും ലോകേഷിന്‍റെ കൂലിയുടെയും ചിത്രീകരണവും ഏകദേശം ഒരേ സമയമായിരുന്നെന്നും ഇരു ചിത്രങ്ങളിലും താന്‍ മാറി മാറി അഭിനയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ചിത്രങ്ങളിലൂടെ ഞാന്‍ കൂടുതല്‍ മികച്ച അഭിനേതാവായി മാറിയെന്നാണ് വിശ്വസിക്കുന്നതെന്നും നാഗാര്‍ജുന പറഞ്ഞു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തില്‍ അതിഥി താരമായി താന്‍ എത്തുന്നുണ്ടെന്ന് ബോളിവുഡ് താരം ആമീര്‍ ഖാന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കുബേര റിലീസിന് തയ്യാറെടുക്കുകയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ജൂൺ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: Nagarjuna shares his experience shooting for the movie Coolie

dot image
To advertise here,contact us
dot image