
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാകിസ്താന്‍ സൈനികരും ഐഎസ്‌ഐ ഏജന്‍റുമാരും. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സാന്നിധ്യമുണ്ടായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഭീകരവാദിയായ ഹാഫിസ് അബ്ദുല്‍ റഊഫാണ് മുരിഡ്‌കെയിലെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാര ചടങ്ങില്‍ പാകിസ്താന്‍ സൈനികര്‍, പൊലീസ്, സിവില്‍ ഉദ്യോഗസ്ഥര്‍, നിരോധിക്കപ്പെട്ട ഹാഫിസ് സയീദിന്റെ ജമാഅത്ത്-ഉദ്-ദവാ യിലെ അംഗങ്ങളും പങ്കെടുക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഖരി അബ്ദുല്‍ മാലിക്, ഖാലിദ്, മുദാസ്സിര്‍ എന്നിവര്‍ ജെയുഡി അംഗങ്ങളാണെന്നാണ് പിടിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐ ഏജന്റുമാരും പാക് പൊലീസും പങ്കെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തന്‍റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു എന്നും ഷെഹ്ബാസ് ഷെരീഫ് ആരോപിച്ചിരുന്നു. പാകിസ്താനുമേല്‍ ഇന്ത്യ ആണവ ആക്രമണം നടത്താന്‍ പോലും മടിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു.
'പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. ഇന്നലെ രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ 80 ജെറ്റുകളാണ് ഉണ്ടായിരുന്നത്. 80 യുദ്ധ വിമാനങ്ങള്‍ പാകിസ്താനെ ആക്രമിക്കാന്‍ ഇന്ത്യ ഉപയോഗിച്ചു. ഇരുട്ടിന്റെ മറവില്‍ ഒളിയാക്രമണമാണ് ഇന്ത്യ നടത്തിയത്', ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
പാകിസ്താന്റെ ധീരസൈനികര്‍ ഇന്ത്യയെ പ്രതിരോധിച്ചെന്നും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്നും പാക് സൈന്യം ഇന്ത്യയ്ക്ക് തക്കതായ മറുപടി നല്‍കിയെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ബലൂചിസ്ഥാനില്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത് ഇന്ത്യയുടെ നീക്കമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Content Highlights: Operation Sindoor Pakistan army participated in Funeral