ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം; സൈറണുകൾ മുഴങ്ങി, ഡ്രോൺ ആക്രമണമെന്ന് വിവരം

ലാഹോറിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

dot image

ലാഹോർ: പാകിസ്താനിലെ ലാഹോറിൽ തുടർച്ചയായി മൂന്ന് സ്ഫോടനങ്ങൾ. ലാഹോർ വിമാനത്താവളത്തിനടുത്താണ് സ്ഫോടനമുണ്ടായത്. തുടർച്ചയായി സൈറൺ മുഴങ്ങഴുന്നതിന്റെയടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾ പരിഭ്രാന്തിയിൽ ഓടുന്നതും കാണാം. ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് വിവരം.

ലാഹോറിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാൾട്ടൺ വിമാനത്താവളത്തിനടുത്തുള്ള ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിലാണ് ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്തരീക്ഷത്തിൽ പുക മേഘങ്ങൾ കണ്ടതായി ദൃക്‌സാക്ഷികൾ വിവരിച്ചു. ആളുകൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി.

അതേസമയം, ദക്ഷിണേഷ്യയുടെ സമാധാനത്തിന് ഇന്ത്യ ഭീഷണിയാണെന്ന് പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രതികരിച്ചു. പാകിസ്താന് പ്രതിരോധിക്കാനുളള അവകാശമുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇന്ത്യൻ ആക്രമണം. പഹൽഗാം ആക്രമണത്തിലെ പാക് പങ്കിന് ഇന്ത്യ തെളിവ് നൽകിയില്ല. ഇന്ത്യ പച്ചക്കള്ളമാണ് പറയുന്നത്. തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ബിലാവൽ പറഞ്ഞു. ഇന്ത്യൻ ആക്രമണം പാകിസ്താൻറെ പരമാധികാരത്തിന് മേലുളള കടന്നുകയറ്റമാണെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.

ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്. രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.

ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

Content Highlights: Blast heard near Walton Airport

dot image
To advertise here,contact us
dot image