
2024 സെപ്റ്റംബറിലാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്. പ്രസവത്തെ തുടര്‍ന്ന് കരിയറില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ഗര്‍ഭകാലത്ത് അഭിമുഖീകരിച്ച ശാരീരികപ്രശ്‌നങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ദീപിക. ഗര്‍ഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടിലൂടെ കടന്നുപോയെന്ന് ദീപിക പറയുന്നു. അവസാനത്തെ മൂന്നുമാസങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പ്രസവശേഷം പഴയ ശരീരത്തിലേക്ക് തിരിച്ചുപോകുക എന്നുള്ളത് പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തുറന്നുപറയുകയാണ് താരം.
'ഗര്‍ഭകാലത്തെ എട്ട്, ഒന്‍പത് മാസങ്ങളില്‍ ഒരുപാട് ബുദ്ധിമുട്ടിലൂടെ കടന്നുപോയിട്ടുണ്ട്. വേദനിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ചില ശരീരഭാഗങ്ങള്‍ പെട്ടെന്ന് നിങ്ങള്‍ കണ്ടെത്തും. റിബ് പെയ്ന്‍, ഓ ദൈവമേ സഹിക്കാനാവുന്നതായിരുന്നില്ല.'. വേദനയുണ്ടായിരുന്നെങ്കിലും യോഗ പരിശീലനം മുടക്കിയിരുന്നില്ലെന്നും ദീപിക പറയുന്നു. കുഞ്ഞുണ്ടായ ശേഷമുള്ള ജീവിതത്തെ കുറിച്ചും അവര്‍ സംസാരിച്ചു. പ്രസവശേഷം നീന്തല്‍ ആരംഭിച്ചു. തുടര്‍ന്ന് ചെറിയ ശാരീരിക വ്യായാമങ്ങളും. പതിയെ കാര്‍ഡിയോ, ഭാര നിയന്ത്രണം എന്നിവയിലേക്കും കടന്നു. വീണ്ടും കരുത്തും സ്റ്റാമിനയും അനുഭവപ്പെട്ടുതുടങ്ങിയെന്നും അവര്‍ പറയുന്നു. എന്നാല്‍ പഴയതുപോലെയാകുന്നതിന് വേണ്ടിയുള്ള പോസ്റ്റ് ബേബി വര്‍ക്കൗട്ടുകളെ താരം പിന്തുണയ്ക്കുന്നുമില്ല.
'പ്രസവം നടന്നുകഴിഞ്ഞാല്‍ ആ ഒരു നിമിഷത്തില്‍ ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ ശരീരത്തെ സ്നേഹിക്കുക, കുഞ്ഞിനെ സ്‌നേഹിക്കുക, എന്റെ ശരീരത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക..ശരീരത്തോട് നന്ദി പറയുക.'കുഞ്ഞുണ്ടാകുന്നതിന് മുന്‍പ് കൃത്യമായ ഉറക്കം ഉറപ്പുവരുത്തിയിരുന്നു താനെന്നും എന്നാല്‍ കുഞ്ഞുവന്നതിനുശേഷം കിട്ടുന്ന 10 മിനിറ്റിലെല്ലാം നാപ് എടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു. ഉറക്കം മികച്ച ആരോഗ്യത്തിനുള്ള ഏറ്റവും മികച്ച ഉപകരണമാണെന്നും അവര്‍ പറയുന്നു.
വിവാഹശേഷം എപ്പോള്‍ കുഞ്ഞുവേണമെന്ന് തീരുമാനിക്കേണ്ടത് ദീപികയാണെന്ന് ഭര്‍ത്താവ് രണ്‍വീര്‍ സിങ് പറഞ്ഞതിനെ കുറിച്ചും അഭിമുഖത്തില്‍ താരം മനസ്സുതുറക്കുന്നുണ്ട്. കുടുംബജീവിതം ആരംഭിക്കുന്നതിന് മുന്‍പ് സമൂഹത്തില്‍ നിന്ന് സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദത്തെ കുറിച്ച് സംസാരിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ അടുത്ത ചോദ്യം വിശേഷമായില്ലേ എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് താനാണെന്നാണ് രണ്‍വീര്‍ പറഞ്ഞതെന്ന് താരം പറയുന്നു.'കുഞ്ഞ് എപ്പോള്‍ വേണമെന്ന് ഇരുവരും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്. മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടത് നിന്റെ ശരീരമാണ്. അതുകൊണ്ട് എപ്പോഴാണ് അമ്മയാകാന്‍ തയ്യാറാണ് എന്നുതോന്നുക അപ്പോള്‍ മാത്രം കുഞ്ഞിനെ കുറിച്ച് ചിന്തിക്കാം.'എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
Content Highlights: Deepika Padukone opens up about her complicated pregnancy