
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യ പിന്മാറിയാല്‍ ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാണ് എന്നാണ് ഖവാജ ആസിഫ് പറഞ്ഞത്. ഇന്ത്യ വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ പാകിസ്താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യയോട് ശത്രുതാപരമായ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ രണ്ട് ആഴ്ച്ചയായി ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ മാത്രമേ പ്രതികരിക്കൂ. ഇന്ത്യ പിന്മാറിയാല്‍ ഞങ്ങളും സംഘര്‍ഷം അവസാനിപ്പിക്കും' -ഖവാജ ആസിഫ് പറഞ്ഞു. പാകിസ്താന്‍, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സായുധ സേന സംയുക്ത സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.
ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്താനിലെ ഭവല്‍പൂര്‍, മുറിട്‌കെ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേര്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
Content Highlights: if india backs down we will wrap up the tension says pak defense minister