
കാൻബെറ: ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസ് സർക്കാർ തുടരും. ആന്റണി അൽബനീസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ലേബർ പാർട്ടി 77 സീറ്റുകൾ ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ പരാജയപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ലേബർ പാർട്ടി അംഗങ്ങളിൽ നിന്ന് പുതിയ മന്ത്രിമാരെ തിരഞ്ഞെടുക്കും. "ഈ പ്രചാരണ വേളയിൽ ഞങ്ങൾ വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവച്ചില്ല, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു" എന്നായിരുന്നു പരാജയം സമ്മതിച്ചശേഷം പീറ്റർ ഡട്ടൺ പറഞ്ഞത്. ലേബർ പാർട്ടിയുടെ വിജയത്തിൽ അദ്ദേഹം അൽബനീസിനെ അഭിനന്ദിക്കുകയും ചെയ്തു.
ഊർജ്ജ നയം, പണപ്പെരുപ്പം എന്നീ കാര്യങ്ങൾ മുൻ നിർത്തിയായിരുന്നു ഇരു പാർട്ടികളുടെയും പ്രചാരണം.രാജ്യത്തിന്റെ നിലവിലുള്ള ജീവിതച്ചെലവ് പ്രതിസന്ധിയെ ഇരു പാർട്ടികളും അംഗീകരിച്ചിരുന്നു. പണപ്പെരുപ്പം ഉയരുന്നതിന് പീറ്റർ ഡട്ടന്റെ ലിബറൽ പാർട്ടി സർക്കാർ ചെലവുകളെ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, അൽബനീസിന്റെ ലേബർ പാർട്ടി ഡട്ടന്റെ ആണവോർജ്ജവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളെ വിമർശിക്കുകയും യുഎസ് ശൈലിയിലുള്ള രാഷ്ട്രീയം സ്വീകരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും അൽബനീസിന്റെ സർക്കാർ ഊന്നൽ നൽകി.
ഓസ്‌ട്രേലിയൻ ഇലക്ഷൻ കമ്മീഷന്റെ ആദ്യകാല പ്രവചനങ്ങൾ പ്രകാരം, 150 സീറ്റുകളുള്ള പ്രതിനിധിസഭയിൽ, ഭരണകക്ഷിയായ മധ്യ-ഇടതുപക്ഷ ലേബർ പാർട്ടിക്ക് 70 സീറ്റുകളും പ്രതിപക്ഷ പാർട്ടിയായ ലിബറൽ-നാഷണൽ സഖ്യം 24 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം. 62 കാരനായ ആൻ്റണി ആൽബനീസ് 2022-ലാണ് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. കൂടാതെ 30 വർഷത്തിലേറെയായി ന്യൂ സൗത്ത് വെയിൽസ് ഗ്രേൻഡ്‌ലർ ഡിവിഷനെ അദ്ദേഹമാണ് പ്രതിനിധീകരിക്കുന്നത്. എൽജിബിടിക്യു അവകാശങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ അൽബനീസ് പിന്തുണച്ചിട്ടുണ്ട്
Content Highlights: Australia’s left-leaning government wins election