സമാധാന കരാറിലെത്തിയെന്ന് ട്രംപ്; വെറും ഊഹാപോഹമെന്ന് ഇറാന്‍

സമാധാന കരാര്‍ ഒപ്പിടുന്ന സമയവും സ്ഥലവും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപ് അറിയിച്ചിരുന്നത്

സമാധാന കരാറിലെത്തിയെന്ന് ട്രംപ്; വെറും ഊഹാപോഹമെന്ന് ഇറാന്‍
dot image

വാഷിങ്ടണ്‍: ഇറാനുമായി സമാധാന കരാറിലെത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇറാന്‍. സമാധാന കരാറില്‍ എത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ് - ഇറാന്‍ കരാറിന് പ്രാദേശിക രാജ്യങ്ങള്‍ അംഗീകാരം നല്‍കിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. കൂടാതെ ഇറാനെ ആക്രമിക്കില്ലെന്നും ഇറാനും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് പദ്ധതി ഒഴിവാക്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.

സമാധാന കരാര്‍ ഒപ്പിടുന്ന സമയവും സ്ഥലവും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നായിരുന്നു ട്രംപ് അറിയിച്ചിരുന്നത്. ഇറാന് എതിരെയുള്ള ആക്രമണം അവസാനിപ്പിച്ചുവെന്ന് ട്രംപ് വീണ്ടും പറഞ്ഞിട്ടുണ്ട്. സെനറ്റ് സ്ഥാനാര്‍ത്ഥി ബാരി മൂറിന്റെ ടെലി റാലിയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ആണവായുധം നിര്‍മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചെന്നാണ് ട്രംപ് പറയുന്നത്.

ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങിയെന്ന് പെട്ടെന്ന് പ്രഖ്യാപിച്ച ട്രംപ് ഈ വാരാന്ത്യത്തോടെ സമാധാന കരാര്‍ ഒപ്പിടുമെന്ന പ്രതീക്ഷയും പങ്കുവച്ചിരുന്നു. അതേസമയം കരാറില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. കരാറിന്റെ ഏകദേശ അന്തിമ രൂപം തയ്യാറായെന്നാണ് ട്രംപ് അറിയിച്ചത്. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ തന്നെ ഇറാന്റെ ഔദ്യോഗിക മാധ്യമം ഇക്കാര്യത്തില്‍ ഒരു അന്തിമതീരുമാനമായിട്ടില്ലെന്ന് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് വ്യക്തമാക്കി.

ഇറാന്റെ എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വളരെ ശക്തമായ ആക്രമണം ഇറാന് നേരെ നടത്തുമെന്ന് ട്രംപ് വ്യാഴാഴ്ച ഭീഷണി മുഴക്കിയിരുന്നു. പെട്ടെന്നാണ് ആക്രമണങ്ങള്‍ ഒഴിവാക്കിയെന്നും സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് കളംമാറ്റിയത്. ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും മറുപടി നല്‍കിയിരുന്നു. ട്രംപിന്റെ ഭീഷണിയെ തുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തിരുന്നു. കാസ്പിയന്‍ കടല്‍തീരത്തേക്കുള്ള വഴികളെല്ലാം ഗതാഗത കുരുക്കിലാകുകയും ചെയ്‌തെന്നാണ് ഡെപ്യൂട്ടി പൊലീസ് മേധാവി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇറാനുമായി സമാധാന കരാറിലെത്തിയെന്ന് അറിയിച്ച് ട്രംപ് രംഗത്തെത്തിയത്.

Content Highlights: Iran has rejected former US President Donald Trump's statement suggesting that a peace agreement had been reached. Iranian officials described the claim as speculation and indicated that no such confirmed agreement exists

dot image
To advertise here,contact us
dot image