'സീതയാകാനുള്ള ലുക്ക് സായ് പല്ലവിക്ക് ഇല്ല, വേറെ ആരേയും കിട്ടിയില്ലേ'; രാമായണ ടീസറിന് പിന്നാലെ വിമര്‍ശനം

സായ് പല്ലവിക്ക് പകരം കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്

dot image

ഏറെക്കാലമായി ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് 'രാമായണ' ഒരുങ്ങുന്നത്.

രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ട്രോളുകളിൽ ആദിപുരുഷ് സിനിമ നിറഞ്ഞിരുന്നു. ഇപ്പോഴിതാ 'രാമായണയില്‍' സീതയായി സായ് പല്ലവി എത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയാണ് ചില ആരാധകര്‍.

സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ കാസ്റ്റിങ്ങിനെതിരെ വിമർശനം ഉയര്‍ന്നിരുന്നു. എന്നാല്‍ 'സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവര്‍ക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു' എന്നാണ് ട്രെയിലര്‍ റിലീസിന് ശേഷം സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

'സിനിമയിലെ ആകെ നെഗറ്റീവ് സായ് പല്ലവിയുടെ വേഷമാണ്, സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിക്കില്ല' എന്നിങ്ങനെ പോവുന്നു സോഷ്യൽ മീഡിയ കമൻറുകൾ. സായ് പല്ലവിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നു, 'കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ' എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സായ് പല്ലവിയിൽ നിന്നും ഇതുവരെ ഒരു മോശം പ്രകടനം ഉണ്ടായിട്ടില്ലെന്നും വിമർശിക്കുന്നവർ ശ്യാം സിംഘ റോയ് സിനിമയിലെ നടിയുടെ പ്രകടനം ഒന്ന് കണ്ടു നോക്കൂ എന്നും മറുപക്ഷവും മറുപടി നൽകുന്നുണ്ട്.

രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലിയിലും രണ്ടാം ഭാഗം 2027 ദീപാവലിയിലുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാന്‍റേയും ലാറ ദത്ത കൈകേയിയുടേയും രാഹുല്‍ പ്രീത് സിങ്ങ് ശൂർപണകയുടേയും വേഷങ്ങളിലെത്തുന്നു. ബോബി ഡിയോൾ കുംഭകർണനാവും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights: Criticism against Sai Pallavi's casting after Ramayana teaser

dot image
To advertise here,contact us
dot image