ഹാട്രിക്ക് 100 കോടിയ്ക്കുള്ള സൂചന അല്ലേ അത്! റിലീസിനും മുൻപ് കോടികൾ നേടി പ്രദീപ് രംഗനാഥൻ; കണ്ണുതള്ളി ഇൻഡസ്ട്രി

ലവ് ടുഡേയ്ക്കും, ഡ്രാഗണിനും ശേഷം ഈ സിനിമയിലൂടെ പ്രദീപ് ഹാട്രിക്ക് 100 കോടി നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

dot image

ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. ഡ്യൂഡ് എന്ന ചിത്രമാണ് ഇനി പ്രദീപിന്റേതായി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ചിത്രം റിലീസിനും മുൻപേ ലാഭം സ്വന്തമാക്കിയെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് റിലീസിനും മാസങ്ങൾക്ക് മുൻപ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. 25 കോടിയ്ക്കാണ് നെറ്റ്ഫ്ലിക്സ് സിനിമ സ്വന്തമാക്കിയത്. ഇതോടെ ചിത്രം മുടക്കുമുതൽ തിരിച്ചുപിടിച്ചു എന്നാണ് വിവരം. ലവ് ടുഡേയ്ക്കും, ഡ്രാഗണിനും ശേഷം ഈ സിനിമയിലൂടെ പ്രദീപ് ഹാട്രിക്ക് 100 കോടി നേടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചിത്രത്തിൽ മമിത ബൈജു ആണ് നായികയായി എത്തുന്നത്. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ മറ്റു നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.

ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ഹൃദു ഹാറൂൺ, രോഹിണി എന്നിവരേയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം, പ്രദീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ഡ്രാഗൺ വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്.

Content Highlights: Pradeep Ranganadhan film Dude Entered into the profit zone with just Digital rights

dot image
To advertise here,contact us
dot image