കേരള സ്റ്റോറി എന്താണെന്ന് എല്ലാവർക്കും അറിയാം; ഡൽഹി മുഖ്യമന്ത്രി പരാമർശം പിൻവലിക്കണം: രമേശ്‌ ചെന്നിത്തല

ഈ നിലയിൽ അവർ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു

dot image

തിരുവനന്തപുരം: സത്യം പറയാൻ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചിരിക്കുകയാണ്. കേരള സ്റ്റോറി എന്താണെന്ന് എല്ലാവർക്കും അറിയാം. പരാമർശം രേഖ ഗുപ്ത പിൻവലിക്കണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ഈ നിലയിൽ അവർ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാൻഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാൻഷു ത്രിവേദിയുടെ പരാമർശം. അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും സുധാൻഷു ത്രിവേദി പറഞ്ഞിരുന്നു. 'മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാർ. മതേതരത്തിന്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനും മേൽ കടന്നു കയറുകയാണ്' എന്നായിരുന്നു സുധാൻഷു കഴിഞ്ഞ ദിവസം പറഞ്ഞത്.

കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടയ്ക്കാൻ ശ്രമം തുടങ്ങിയതെന്നും സുധാൻഷു കൂട്ടിച്ചേർത്തിരുന്നു. കേരളത്തെ അപമാനിക്കുന്നതെന്ന് ആരോപണം ഉയർന്ന കേരള സ്റ്റോറിയുടെ ഡൽഹിയിൽ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പരാമർശം. മതപരിവർത്തനം നടത്തി മലയാളി പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്നാരോപിച്ച് നിർമ്മിച്ച സിനിമയാണ് കേരള സ്റ്റോറി. സുദിപ്‌തോ സെന്നും അംബിക ജെകെയും ചേർന്ന് എഴുതിയ പുസ്തകമാണ് പ്രകാശനം ചെയ്തത്.

അതേസമയം, ഈരാറ്റുപേട്ടയിൽ ദമ്പതികൾ വീട്ടിൽ ആത്മഹത്യചെയ്ത സംഭവത്തിലും ചെന്നിത്തല പ്രതികരിച്ചു.
ബ്ലേഡ് മാഫിയയുടെ ഭീഷണിയിലാണ് ആത്മഹത്യ. താൻ ആഭ്യന്തര മന്ത്രി ആയിരുന്ന കാലത്ത് ഓപ്പറേഷൻ കുബേര നടത്തി അമർച്ച ചെയ്തതാണ്. ഇപ്പോൾ സർക്കാർ ഒന്നും ചെയ്യുന്നില്ല. അടിയന്തരമായി ഓപ്പറേഷൻ കുബേര തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനും അദ്ദേഹം മറുപടി നൽകി. പൂജ്യങ്ങളൊക്കെ ചേരുന്ന വലിയ പൂജ്യമാണ് വീണ ജോർജ്. കണക്കുകളിലെല്ലാം വൈരുധ്യമാണ്. വീണാ ജോർജ് ആണ് വലിയ പൂജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഫിന്റെ പൂജ്യങ്ങളിൽ നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ എൽഡിഎഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാൻ ഒരു കമ്മീഷൻ വെച്ച് പഠിക്കുന്നത് നല്ലതാണെന്ന് കണക്കുകൾ നിരത്തി കഴിഞ്ഞ ദിവസം വീണാ ജോർജ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

Content Highlights: ramesh chennithala against rekha gupta on kerala story statement

dot image
To advertise here,contact us
dot image